


 
            കൊച്ചി: വോട്ടര്‍മാരെ ബഹുമാനിക്കുകയും ബൂത്തുകളില്‍ മികച്ച പരിഗണന നല്‍കുകയും വേണമെന്ന് ഹൈക്കോടതി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ വോട്ടര്‍മാരുടെ തിരക്ക് നിയന്ത്രിക്കാന്‍ ക്യൂ മാനേജ്മെന്റ് ആപ്പ് സജ്ജീകരിക്കുന്നത് പരിഗണിക്കണം. വോട്ടര്‍മാര്‍ക്ക് തത്സമയം തിരക്ക് സംബന്ധിച്ച് അറിയിപ്പുകള്‍ ലഭ്യമാക്കുന്ന വിധത്തില്‍ കൂടി ആപ്പ് സജ്ജീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഗ്രാമപഞ്ചായത്ത് ബൂത്തില്‍ 1,200 വോട്ടര്‍മാരും, നഗരസഭ ബൂത്തില്‍ 1,500 വോട്ടര്‍മാരും ഉണ്ടാകും. എന്നാല്‍ ഇത്രയും വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ 11 മണിക്കൂര്‍ സമയം പര്യാപ്തമല്ല. പരമാവധി 30 മുതല്‍ 40 സെക്കന്‍ഡ് ആണ് ഗ്രാമപഞ്ചായത്തിലെ ഒരു ബൂത്തില്‍ വോട്ടര്‍ക്ക് ലഭിക്കുക. രേഖകള്‍ പരിശോധിക്കുന്നതിനും, മൂന്ന് തദ്ദേശസ്ഥാപനങ്ങളിലേക്ക് വോട്ട് വിനിയോഗിക്കാനും ഈ സമയ പരിധി അപര്യാപ്തമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ ഭാവിയില്‍ കൂടുതല്‍ ബൂത്തുകള്‍ ഏര്‍പ്പെടുത്തുന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. ഇപ്പോള്‍ ഇടപെടാത്തത് തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടാതിരിക്കാനെന്നും കൂട്ടിചേര്‍ത്തു.
തിരക്ക് നിയന്ത്രിക്കാന്‍ ക്യൂ മാനേജ്മെന്റ് ആപ്പ് സജ്ജീകരിക്കുന്നത് പരിഗണിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് എന്‍ എം താഹ, പി വി ബാലചന്ദ്രന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമെ തിരക്കുകള്‍ കുറയ്ക്കാനും പ്രക്രിയകള്‍ സുഗമമാക്കാനും കഴിയുകയുള്ളൂവെന്നും ഇവര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം.
Content Highlights: High Court observations on conducting elections smoothly
 
                        
                        