

തിരുവനന്തപുരം: കോണ്‍ഗ്രസ് യുവ നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശിനി ലിപ്‌സിയാണ് വധു. അങ്കമാലി ബസിലിക്ക പള്ളിയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30നായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചെലവ് ചുരുക്കി പ്രസ്തുത തുക അങ്കമാലിയിലെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ ഉപയോഗിക്കുമെന്ന് റോജി എം ജോണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉമാ തോമസ് എംഎല്‍എ അടക്കമുള്ളവര്‍ ഇരുവര്‍ക്കും വിവാഹ ആശംസകള്‍ അറിയിച്ചു. ഉമാ തോമസ് എംഎല്‍എ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
അങ്കമാലി കല്ലുപാലം റോഡ് മുള്ളന്‍മടക്കല്‍ എം വി ജോണിന്റെയും എല്‍സമ്മയുടെയും മകനാണ് റോജി എം ജോണ്‍. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. എന്‍എസ്‌യുഐ ദേശീയ പ്രസിഡന്റായിരുന്നു. കാലടി മാണിക്യമംഗംലം പുളിയേലിപ്പടിയില്‍ കോലഞ്ചേരി വീട്ടില്‍ പൗലോസ്-ലിസി ദമ്പതികളുടെ മകളാണ് ലിപ്‌സി. ഇന്റീരിയല്‍ ഡിസൈനറാണ് ലിപ്‌സി
Content Highlights- Roji M john mla got married to lipsi