

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പാണ്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 28 വരെയും കർണാടക തീരത്ത് 29 വരെയും മത്സ്യബന്ധനം പാടില്ല.
കേരള, അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി മീ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജിച്ച് 'മൊൻന്ത'ചുഴലിക്കാറ്റായി മാറുന്നതോടെ ഇന്ന് ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചേക്കും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പെട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ടാണ് നൽകിയിട്ടുള്ളത്.
ചെന്നൈയ്ക്ക് തെക്കുകിഴക്കായി 750 കി മീ അകലെ നിലകൊള്ളുന്ന ചുഴലിക്കാറ്റ് വടക്ക് - പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി, നാളെ വൈകീട്ടോടെ ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കരതൊടുമെന്നാണ് കരുതുന്നത്. കരതൊടുന്നതോടെ 110 കി മീ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഒഡീഷ, ആന്ധ്രാപ്രദേശ്, സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഒഡീഷയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. ഒഡീഷയിലെ എല്ലാ ജില്ലകളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
Content Highlights: rain alert in kerala, three districts have orange alert, cyclone montha likely to hit east cost