അൽബേനിയയിലെ ആദ്യ എഐ മന്ത്രി 'ഗർഭിണി', ആകെ 83 'കുട്ടികൾ'; വിചിത്ര പ്രഖ്യാപനവുമായി പ്രധാനമന്ത്രി

തങ്ങൾ ഒരു വലിയ റിസ്ക് എടുക്കുകയായിരുന്നുവെന്നും അത് വിജയകരമായി പൂർത്തിയാക്കിയെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്

അൽബേനിയയിലെ ആദ്യ എഐ മന്ത്രി 'ഗർഭിണി', ആകെ 83 'കുട്ടികൾ'; വിചിത്ര പ്രഖ്യാപനവുമായി പ്രധാനമന്ത്രി
dot image

പൊതുജനങ്ങൾക്ക് വേണ്ട സേവനം നൽകാനും അവരെ സഹായിക്കാനായി ഒരു എഐ ജനപ്രതിനിധി. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ? എങ്കിൽ അത്ഭുതപ്പെടേണ്ട. അൽബേനിയ അത്തരത്തിലൊരു എഐ മന്ത്രിയെ അവതരിപ്പിച്ചിരുന്നു. ഡിയെല്ല എന്ന പേരിൽ അറിയപ്പെടുന്ന ഈ എഐ ക്യാരക്ടറിനെ പ്രധാനപ്പെട്ട രേഖകളുടെ കാര്യങ്ങളിൽ പൊതുജനങ്ങളെയും മറ്റും സഹായിക്കാനാണ് അവതരിപ്പിച്ചത്.

ഇപ്പോളിതാ ആ 'എഐ മന്ത്രി' ഗർഭിണിയാണെന്ന വിചിത്രവാദവുമായി അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ രംഗത്തിയിരിക്കുകയാണ്. ആകെ 83 'കുട്ടി'കളാണ് ഉള്ളതെന്നും ഓരോ കുട്ടികളെയും സോഷ്യലിസ്റ്റ് പാർട്ടിയുടെ ഓരോ അംഗങ്ങളുടെയും സഹായിയായി നിയമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബെർലിനിലെ ഗ്ലോബൽ ഡയലോഗിൽ വെച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിചിത്ര പ്രഖ്യാപനം. തങ്ങൾ ഒരു വലിയ റിസ്ക് എടുക്കുകയായിരുന്നുവെന്നും അത് വിജയകരമായി പൂർത്തിയാക്കിയെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

സോഷ്യലിസ്റ്റ് പാർട്ടിക്ക് അൽബേനിയൻ പാർലമെന്റിൽ 83 അംഗങ്ങളാണുള്ളത്. ഇവരെ പാർലമെന്ററി കാര്യങ്ങളിൽ സഹായിക്കുക, കൃത്യമായ വിവരങ്ങൾ നൽകി അപ്‌ഡേറ്റ് ആക്കുക, പാർലമെന്റിൽ വരാൻ സാധിച്ചില്ലെങ്കിൽ അംഗങ്ങൾക്ക് വേണ്ട വിവരങ്ങൾ എത്തിച്ചുനൽകുക തുടങ്ങിയ കാര്യങ്ങളാണ് എഐ മന്ത്രിയുടെ 'കുട്ടികൾ' ചെയ്യുക. ഇവർക്ക് 'അമ്മ'യെപ്പോലെ എല്ലാറ്റിനെക്കുറിച്ചും അറിവുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2026 അവസാനത്തോടെ പൂർണമായും ഈ സിസ്റ്റം നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും എഡി റാമ വ്യക്തമാക്കി.

സെപ്റ്റംബറിലാണ് ഡിയെല്ല എന്ന് പേരുള്ള ഒരു എഐ കഥാപാത്രത്തെ അൽബേനിയ അവതരിപ്പിച്ചത്. രാജ്യത്തെ പൊതുസംവിധാനം പൂർണമായും സുതാര്യവും അഴിമതിരഹിതവുമാക്കാനാണ് ഡിയെല്ലയെ അൽബേനിയ അവതരിപ്പിച്ചത്. ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഫയലുകളും രേഖകളും മറ്റും വേഗത്തിൽ ലഭിക്കാൻ ഡിയെല്ലയാണ് സഹായിക്കുന്നത്. പൊതു ടെൻഡറുകൾ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനും നടപടിക്രമങ്ങൾ അഴിമതി മുക്തമാക്കാനും ഡിയെല്ല സഹായിക്കുന്നുണ്ട്. നേരത്തെ അൽബേനിയയുടെ ഇ-ഗവർണൻസ് പ്ലാറ്റ്ഫോമിൽ വെർച്വൽ അസിസ്റ്റന്റായിരുന്നു ഡിയെല്ല. എഡി റാമ തന്നെയാണ് എഐ മന്ത്രിയായി 'സ്ഥാനക്കയറ്റം' നൽകിയത്. മനുഷ്യനല്ലാത്ത മന്ത്രിയെ അവതരിപ്പിച്ച ആദ്യ രാജ്യമായി അൽബേനിയ ഇതിലൂടെ മാറിയിരുന്നു.

Content Highlights: Albanias first AI minister pregnant, has 83 children, says Prime minister

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us