

1953ൽ ജപ്പാനിലെ സാൻ - ഇക്കുകായി ആശുപത്രിയിൽ ഒരു കുഞ്ഞ് ജനിക്കുന്നു. ആ കുഞ്ഞ് ധനികരായ ഒരു കുടുംബത്തിന്റെ അന്തരാവകാശിയായിരുന്നു. പക്ഷേ ആ കുഞ്ഞിന് പിറകേ, പതിമൂന്ന് മിനിറ്റിന് ശേഷം പിറന്ന മറ്റൊരു കുഞ്ഞുമായി ആശുപത്രി അധികൃതർക്ക് പരസ്പരം മാറി പോകുന്നു. എല്ലാ സൗകര്യങ്ങളും സുഖങ്ങളും അറിഞ്ഞ് ജീവിക്കേണ്ട ആ കുഞ്ഞ് ഒരു സാധാരണ കുടുംബത്തിൽ വളർന്നു. അറുപത് വർഷത്തിന് ശേഷം ഒരു ട്രക്ക് ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലാണ് അയാള്‍ സ്വന്തം ജന്മരഹസ്യം മനസിലാക്കുന്നത്.
2013ലാണ് ഈ സംഭവം പുറത്ത് വരുന്നത്. 2009ലാണ് അദ്ദേഹത്തിന്‍റെ കുടുംബം നടത്തിയ ഒരു ഡിഎൻഎ പരിശോധനയ്ക്ക് പിന്നാലെ സത്യം പുറത്തുവരുന്നത്. കുഞ്ഞുനാളിൽ സ്വന്തം കുടുംബവുമായി അകന്ന് പോയ കുട്ടികൾ അവരുമായി വീണ്ടും ഒന്നിക്കുന്ന സംഭവങ്ങൾ വീണ്ടും വാർത്തയാവുന്നതിനിടയിലാണ് പഴയ സംഭവം ഓൺലൈനിൽ ചർച്ചയാവുന്നത്.
അറുപത് വർഷം സാമ്പത്തികമായി വളരെ കഷ്ടപ്പെട്ടാണ് ട്രക്ക് ഡ്രൈവറായ അദ്ദേഹം ജീവിച്ചത്. നൂറ് സ്‌ക്വയർ ഫൂട്ട് അപ്പാർട്ട്‌മെന്റിൽ അദ്ദേഹത്തെ വളർത്തിയത് ഒരു സിംഗിൾ മദറാണ്. കുടുംബവും അയൽക്കാരും നിരന്തരം അദ്ദേഹത്തോട് അച്ഛനമ്മാരുമായി ഒരു സാമ്യവും തോന്നുന്നില്ലെന്ന് പറയുമായിരുന്നു. സ്‌കൂൾ കാലഘട്ടത്തിൽ സ്വന്തമായി പാർട്ട് ടൈം ജോലികൾ ചെയ്‌തൊക്കെ ജീവിച്ചാണ് ഒടുവിൽ അദ്ദേഹം ലോറി ഡ്രൈവറായി മാറിയത്.
അതേസമയം അദ്ദേഹത്തിന് പകരം ലഭിച്ച കുട്ടിയെ, അദ്ദേഹത്തിന്റെ മാതാപിതാക്കൾ സ്വകാര്യ സ്‌കൂളിലയച്ച് പഠിപ്പിച്ചു. ഉന്നത വിദ്യാഭ്യാസം നൽകി. ഒടുവിൽ അയാള്‍ ഒരു കമ്പനി എക്‌സിക്യൂട്ടീവായി മാറി. ധനിക കുടുംബത്തിന് ഉണ്ടായ സംശയമാണ് എല്ലാവരും സത്യമറിയാൻ കാരണമായത്. മൂത്തമകന് പിതാവിനോടുള്ള സമീപനം മോശമായതോടെ അനുജന്മാർ ഒരു അന്വേഷണം നടത്താൻ തീരുമാനിച്ചു. മരിക്കുന്നതിന് മുമ്പ് ഇവരുടെ അമ്മ മൂത്തമകന്‍ ജനിച്ച ആശുപത്രിയുടെ വിവരങ്ങളെ കുറിച്ച് മറ്റ് മക്കളോട് സംസാരിച്ചിരുന്നു. 2009ൽ നടന്ന ഡിഎൻഎ പരിശോധനയിൽ കാലങ്ങളായി തങ്ങളുടെ സഹോദരനെന്ന് കരുതിയയാൾ ആരുമല്ലെന്ന് അവർ മനസിലാക്കി. ഇതോടെ ആശുപത്രിയിലെ മറ്റ് രേഖകൾ പരിശോധിച്ചപ്പോഴാണ് യാഥാർത്ഥ്യം വ്യക്തമായത്.
2013ൽ ഗുരുതരമായ പിഴവിന് കാരണക്കാരായ സാൻ - ഇക്കുകായ് ആശുപത്രിക്ക് ടോക്കിയോ കോടതി പിഴയിട്ടു. ഇന്ത്യൻ രൂപയിൽ 2013ലെ എക്‌സ്‌ചേഞ്ച് റേറ്റിൽ 2.3 കോടിയായിരുന്നു അന്ന് പിഴ വിധിച്ചത്. ജനിച്ചുടൻ തന്നെ മാതാപിതാക്കളിൽ നിന്നും വേർപ്പെടുക മാത്രമല്ല അവരെ ഒരിക്കൽ പോലും നേരിട്ട് കാണാനുള്ള ഭാഗ്യം പോലും സ്വന്തം മകനുണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചു. വാദിക്കാരന് അദ്ദേഹത്തിന്റെ ജീവിതത്തിന് അർഹമായ നഷ്ടപരിഹാരം തന്നെ നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒന്നുകൂടി ജീവിതത്തിൽ തിരികെ നടക്കാൻ കഴിഞ്ഞെങ്കിലെന്നാണ് വിധി കേട്ട ശേഷം ട്രക്ക് ഡ്രൈവർ അന്ന് പ്രതികരിച്ചത്. എന്റെ മാതാപിതാക്കളെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ എന്ത് നല്ല ജീവിതമായേനെ എനിക്ക് ലഭിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞെട്ടലിനിടയിലും ഇരു കുടുംബങ്ങളോടും നന്ദി മാത്രമേയുള്ളുവെന്നും തന്റെ സ്ഥാനം ലഭിച്ചയാളോട് ഒരു തരത്തിലുള്ള പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Babies switched at birth, truck driver realised truth after 60 years