'പ്രധാനമന്ത്രി' ബ്രാന്‍ഡിങ്ങിനോടുള്ള എതിര്‍പ്പല്ല; ഫാസിസ്റ്റ് അജണ്ടയ്ക്ക് വഴങ്ങിക്കൂട; സിപിഐ മുഖപത്രം

ബിജെപി പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ഫാസിസ്റ്റ് സ്വേച്ഛാധിപത്യപ്രവണതകളോട് സന്ധിചെയ്യാത്ത ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവെക്കുന്നത്

'പ്രധാനമന്ത്രി' ബ്രാന്‍ഡിങ്ങിനോടുള്ള എതിര്‍പ്പല്ല; ഫാസിസ്റ്റ് അജണ്ടയ്ക്ക് വഴങ്ങിക്കൂട; സിപിഐ മുഖപത്രം
dot image

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് ധാരണാപത്രത്തില്‍ ഒപ്പുവെക്കുക വഴി ഉണ്ടായിരിക്കുന്നതെന്നും അത് ബന്ധപ്പെട്ട മന്ത്രിയുടെയും വകുപ്പിന്റെയും അറിവോടും അനുമതിയോടും കൂടിയാണെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും എഡിറ്റോറിയല്‍ വിമര്‍ശിച്ചു.

'പിഎം ശ്രീ പദ്ധതിയോടുള്ള വിമര്‍ശനം അതിന്റെ 'പ്രധാനമന്ത്രി' ബ്രാന്‍ഡിങ്ങിനോടുള്ള എതിര്‍പ്പല്ല. മറിച്ച് ഉള്ളടക്കത്തോടും ലക്ഷ്യത്തോടുമുള്ള വിമര്‍ശനമാണ്. വിദ്യാഭ്യാസരംഗത്തിന്റെ സ്വകാര്യവല്‍ക്കണം, ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി പുതുതലമുറയെ വാര്‍ത്തെടുക്കുകയുമാണ് ആത്യന്തികമായ ലക്ഷ്യം. വിശാല അര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സാമ്പത്തികവും സാമൂഹികവുമായ നീതിബോധം, വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ സാഹോദര്യവും ദേശീയ ബോധവും തുടങ്ങി സാര്‍വ്വത്രിക മൂല്യങ്ങളെ മുളയിലേ നുള്ളി സ്വേഛ്ഛാധികാരത്തിലും ജാതിവ്യവസ്ഥയിലും മതമേല്‍ക്കോയ്മയിലും അധിഷ്ഠിതമായ സാമൂഹികസൃഷ്ടിക്ക് വിത്തുപാകുന്ന വിദ്യാഭ്യാസ സംവിധാനത്തെയാണ് വിഭാവനം ചെയ്യുന്നത് എന്നും ജനയുഗം എഡിറ്റോറില്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ നികുതിപ്പണ വിഹിതം രാഷ്ട്രീയലക്ഷ്യങ്ങളോടെ നല്‍കുന്നതിന് മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യപ്രവണതകള്‍ക്ക് മുന്നില്‍ ഫെഡറല്‍ ജനാധിപത്യം അടിയറവെയ്ക്കുന്ന നടപടിയാണെന്നും ജനയുഗം വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാരില്‍ നിന്നും അര്‍ഹമായ വിഹിതം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കണം. അതിനെ സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ഒരുതരം ജന്മി കുടിയാന്‍ ബന്ധമായി അധഃപതിക്കാന്‍ അനുവദിച്ചുകൂട. ബിജെപി പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ഫാസിസ്റ്റ് സ്വേച്ഛാധിപത്യപ്രവണതകളോട് സന്ധിചെയ്യാത്ത ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവെക്കുന്നത്. ആ ബദലിന്റെ രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും മുന്നോട്ട ദുര്‍ബലമാക്കുന്ന യാതൊന്നും കേരളത്തിലെ എല്‍ഡിഎഫില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ജനയുഗം കടന്നാക്രമിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us