

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിക്കുന്ന രാപ്പകല്‍ സെക്രട്ടേറിയറ്റ് ധര്‍ണയും ഉപരോധവും ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന സംസ്ഥാന നേതാക്കളും ഉപരോധ സമരത്തിന്റെ ഭാഗമായി. കനത്ത മഴ നനഞ്ഞാണ് നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നത്.
സ്വര്‍ണമോഷണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, ദേവസ്വം ബോര്‍ഡിലെ കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ വഴി അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. നാളെ സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിക്കും.
ശബരിമലയിലേത് നിസാരമായ വിഷയമല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. സ്വര്‍ണക്കൊള്ള ചെറിയ ആരോപണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് ഇതൊരു വീഴ്ചയാണെന്നുമാണെന്ന് രാജീവ് പറഞ്ഞു. അഴിമതി നടന്നാല്‍ ശകലം ഉളുപ്പുണ്ടെങ്കില്‍ രാജിവെയ്ക്കണം. ഉളുപ്പോ പ്രതിബദ്ധതയോ ഉത്തരവാദിത്വമോ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതിലും രാജീവ് പ്രതികരിച്ചു. എന്‍ഇപി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച പോളിസിയാണെന്ന് രാജീവ് പറഞ്ഞു. സിപിഐഎം- ബിജെപി ബാന്ധവം എന്നത് കോണ്‍ഗ്രസിന്റെ സ്ഥിരം ആരോപണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്ഥിരം ആരോപണത്തിന് മറുപടിയില്ല. കോണ്‍ഗ്രസിന്റേത് നുണയുടെ രാഷ്ട്രീയമാണ്. സിപിഐഎം-സിപിഐ നാടകവും കോണ്‍ഗ്രസിന്റെ നാടകവും എത്രയോ കണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Sabarimala gold loot BJP begins dharna and blockade of Secretariat day and night