

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എല്‍ഡിഎഫിന്റെ ചരിത്രവും അതില്‍ സിപിഐയുടെ പ്രാധാന്യവും എടുത്തുപറഞ്ഞാണ് ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. പിഎം ശ്രീയെക്കുറിച്ച് സിപിഐ ഇരുട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പിഎം ശ്രീയെക്കുറിച്ച് ഇന്നലെ വൈകുന്നേരം മുതല്‍ നാമെല്ലാവരും അറിയുന്നുണ്ട്. പത്രവാര്‍ത്തകളല്ലാതെ പിഎം ശ്രീയെക്കുറിച്ചുള്ള എംഒയു എന്താണെന്നോ, ഇതില്‍ ഒപ്പിടുമ്പോള്‍ കേരളത്തിന് കിട്ടിയ വാഗ്ദാനമെന്താണെന്നോ ഉള്ള കാര്യങ്ങളില്‍ സിപിഐ ഇരുട്ടിലാണ്. സിപിഐക്ക് മാത്രമല്ല, എല്‍ഡിഎഫിലെ ഓരോ പാര്‍ട്ടിക്കും അത് അറിയാനുള്ള അവകാശമുണ്ട്', ബിനോയ് വിശ്വം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അങ്ങേയറ്റത്തെ ദേശീയ പ്രാധാന്യമുള്ള ഒരു ഉടമ്പടിയില്‍ പങ്കാളികളാകുമ്പോള്‍ അതില്‍ എന്താണെന്ന് അറിയാനുള്ള അവകാശമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. അത് അറിയാനും അറിയിക്കാനുമുള്ള വേദിയാണ് എല്‍ഡിഎഫും അതിന്റെ സമിതികളുമെന്നും അവിടെയൊന്നും ഇതേപ്പറ്റി ചര്‍ച്ചയുണ്ടായില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഘടക പാര്‍ട്ടികളെയെല്ലാം അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാതെ ഇരുട്ടിലാക്കിയല്ല, എല്‍ഡിഎഫ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.
'അഞ്ച് കൊല്ലമോ പത്ത് കൊല്ലമോ ഭരിക്കാനുള്ള ഭരണത്തിന്റെ മാത്രമുള്ള ഉപാധിയായല്ല എല്‍ഡിഎഫിനെ സിപിഐ കാണുന്നത്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിയതമായ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കടപ്പെട്ട രാഷ്ട്രീയ പക്ഷമാണ്. ആ ദൗത്യത്തിന്റെ കാതലാണ് ഇടതുപക്ഷ ജനാധിപത്യ ബദല്‍. ആ ബദലിന് ആവശ്യമായ പരിപാടി എല്‍ഡിഎഫിനെ വ്യത്യസ്തമാക്കുന്നു. അതാണ് എല്‍ഡിഎഫിന്റെ മഹത്വം. ആ മഹത്വത്തിന്റെ എല്ലാ അര്‍ത്ഥങ്ങളും ആരെക്കാളും അറിയാവുന്ന പാര്‍ട്ടിയാണ് സിപിഐ. വിദ്യാഭ്യാസം പോലുള്ള ഒന്നില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭാഗമാകുമ്പോള്‍, എംഒയു ഒപ്പിടുമ്പോള്‍ അതിനെപ്പറ്റിയുള്ള നയപരമായ കാര്യങ്ങള്‍ ഘടകപാര്‍ട്ടികളെ അറിയിക്കാത്തതിന്റെ യുക്തി മനസിലാകുന്നില്ല', ബിനോയ് വിശ്വം പറഞ്ഞു.
എല്‍ഡിഎഫിന് മാത്രമല്ല, മന്ത്രിസഭയിലും എംഒയുയെപ്പറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ഏപ്രിലിലും മന്ത്രിസഭയില്‍ ഈ വിഷയം ചര്‍ച്ചയില്‍ വന്നു. ആ രണ്ട് തവണയും നയപരമായ തീരുമാനങ്ങള്‍ക്കായി മാറ്റിവെച്ച വിഷയമാണ്. നയപരമായ തീരുമാനം വേണമെന്ന കാഴ്ചപ്പാടിന്റെ വിഷയത്തില്‍ മന്ത്രിസഭ മാറ്റിവെച്ച വിഷയം പിന്നീടൊരിക്കലും മന്ത്രിസഭയില്‍ ചര്‍ച്ചയില്‍ വന്നിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്‍ഡിഎഫിലും ചര്‍ച്ചയുണ്ടായില്ല. എവിടെയും ചര്‍ച്ച ചെയ്യാതെ ഇത്രയും ഗൗരവമായ ഒന്നില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് എങ്ങനെ മുന്നോട്ട് പോകാന്‍ പറ്റുമെന്ന് സിപിഐക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതല്ല എല്‍ഡിഎഫിന്റെ ശൈലിയെന്നും ഇതാകരുത് എല്‍ഡിഎഫ് ശൈലിയെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വാക്കിലും പ്രവൃത്തിയിലും ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളെ, മര്യാദകളെ, മാന്യതകളെ, രാഷ്ട്രീയ വ്യാപ്തികളെ എല്ലാം ഉള്‍ക്കൊള്ളാന്‍ കടപ്പെട്ട പക്ഷമാണെന്ന് സിപിഐക്ക് ബോധ്യമുണ്ടെന്നും ആ നിലപാട് സിപിഐക്കുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

'ഒപ്പിട്ട വാര്‍ത്ത വന്ന് കഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് ഒപ്പിട്ടെന്ന് മനസിലായത്. ആ വാര്‍ത്ത ശരിയാണെന്ന് അറിഞ്ഞു. ഇന്നലെ രാത്രി നിങ്ങളെല്ലാം വിളിച്ചപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് ഞാന്‍ പറഞ്ഞത്. അത് ശരിയായിരുന്നു. ആ വാര്‍ത്ത ശരിയായിരുന്നു. അതുകൊണ്ട് ആവര്‍ത്തിച്ച് സിപിഐ പറയുന്നു, ആ ഒപ്പിടല്‍ മുന്നണി മര്യാദകളുടെ ലംഘനമാണ്. അത്തരം ലംഘനം എല്‍ഡിഎഫില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. എല്‍ഡിഎഫ് ഗൗരവമായ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അങ്ങനെയല്ല. അതല്ല എല്‍ഡിഎഫിന്റെ വഴി. എല്‍ഡിഎഫിന്റെ വഴി ഇടതുപക്ഷ, ജനാധിപത്യ വഴിയാണ്. ആശയങ്ങളെയും മൂല്യങ്ങളെയും മറന്നുകൊണ്ടു പോകുന്ന രീതി തിരുത്തണം. ആ കാര്യം കാണിച്ച് കൊണ്ട് സിപിഐ ഇന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആ കത്ത് എല്‍ഡിഎഫിലെ ഘടകപാര്‍ട്ടികള്‍ക്ക് അയച്ചിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയെപ്പറ്റി ലഭ്യമാകുന്ന രേഖകളെല്ലാം വായിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇതില്‍ നിന്ന് പിഎം ശ്രീ എന്‍ഇപിയുടെ ഷോക്കേസാണെന്നാണ് മനസിലായതെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐക്ക് ആശങ്കയുണ്ട്. ഈ ആശങ്ക സിപിഐയുടെ മാത്രം ആശങ്കയല്ല, സിപിഐഎമ്മിനുമുണ്ട്. ഒന്നിലധികം പ്രാവശ്യം ഈ ആശങ്ക സിപിഐഎമ്മും അറിയിച്ചിട്ടുണ്ട്. എല്ലാ ഇടതുപക്ഷ പാര്‍ട്ടികളും ജനാധിപത്യ മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്ന എല്ലാവര്‍ക്കും ആശങ്കയുണ്ട്. അതിന്റെ വെളിച്ചത്തില്‍ വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ സമരപാതയിലാണ്. അവരെല്ലാവരും ഇടതുപക്ഷത്തെ പ്രതീക്ഷയോടെയാണ് നോക്കിയത്. എല്‍ഡിഎഫ് മാത്രമാണ് പ്രതീക്ഷ, അതുമാത്രമാണ് ശരി. അതൊരു വിശ്വാസമാണ്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം. അതിനെ മാനിക്കണമെന്നും പിഎം ശ്രീ പോലുള്ള ഒന്നില്‍ ഇടപെടുമ്പോള്‍ പലവട്ടം ചിന്തിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'വാഗ്ദാനം ചെയ്ത ചര്‍ച്ച നടന്നില്ല. ഞങ്ങളുടെ എല്ലാം സഖാവും സുഹൃത്തുമാണ് വി ശിവന്‍കുട്ടി. പ്രകോപന ബുദ്ധ്യേ അന്ന് മന്ത്രി പ്രതികരിച്ചു. പിന്നീട് നിലപാട് മാറ്റി. എന്നാല്‍ അസ്വഭാവികമായ തിരക്കോട് കൂടി, ക്യാബിനറ്റിലോ എല്‍ഡിഎഫിലോ ഒരു വാക്ക് പോലും പറയാതെ ഉദ്യോഗസ്ഥ ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത് ഒപ്പിടുന്നു. പിറ്റേ ദിവസം അതിനെ ബിജെപിയും എബിവിപിയും പുകഴ്ത്തുന്നു. ആദ്യം ബിജെപിയും പിന്നീട് എബിവിപിയും ആര്‍എസ്എസും പിന്താങ്ങി. 'Someting is wrong with PM SHRI'. അതുകൊണ്ടാണ് ചര്‍ച്ചയ്ക്ക് ആവശ്യപ്പെടുന്നത്. വ്യക്തത വേണം. അതില്ലാതെയുള്ള തിരക്ക് എന്തിനാണ്. കരിക്കുലവും സിലബസും ഭാവി തലമുറയുടെ ബോധ്യത്തെ തീരുമാനിക്കും', ബിനോയ് വിശ്വം പറഞ്ഞു.

ബിജെപി ക്ലാസ് മുറിയെ പിടിക്കുന്നുവെന്നും ചെറുപ്പത്തിലെ പിടികൂടുക എന്ന നയമാണ് അവര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കണ്ണും മനസും പതിയേണ്ടത് പാഠ്യപദ്ധതിയിലാണ്. വിഷയത്തിന്റെ ആഴം എല്‍ഡിഎഫ് സര്‍ക്കാര്‍ മനസ്സിലാക്കണം. അങ്ങനെ വേണം എല്‍ഡിഎഫ് പ്രവര്‍ത്തിക്കാന്‍. മഹാത്മാ ഗാന്ധി മരിച്ചു, പരിണാമ സിദ്ധാന്തം പഠിക്കേണ്ടതില്ല, ആദ്യ ശസ്ത്രക്രിയ ഗണപതി മൂക്ക്, ആദ്യം വിമാനം പറപ്പിച്ചത് രാവണന്‍ എന്നിവയെല്ലാമാണ് ബിജെപി പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെല്ലാം തീരുമാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍ക്ക് ആര്‍ക്കും പിഎം ശ്രീയില്‍ ഒപ്പിട്ടത് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ഒടുവില്‍ കൂടിയ മന്ത്രിസഭയിലും ഈ വിഷയം ഉന്നയിച്ചെന്നും വാര്‍ത്ത കേട്ടപ്പോള്‍ സത്യമെന്താണെന്ന് മന്ത്രിമാര്‍ ചോദിച്ചപ്പോള്‍ ഒരാളും ഉത്തരം പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തൊരു സര്‍ക്കാരാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. 'എന്ത് കൂട്ടുത്തരവാദിത്വമാണ് ഉള്ളത്. മന്ത്രിമാരുടെ വീക്ഷണങ്ങളെ ആശയങ്ങളെ എല്ലാത്തിനെയും അവഗണിക്കാന്‍ ശ്രമിക്കുന്നത് എന്ത് കൂട്ടുത്തരവാദിത്തമാണ്. ഇങ്ങനെയാകരുത് എല്‍ഡിഎഫ്. കേരളത്തിന്റെ കണ്ണില്‍ കാര്യങ്ങളെ കാണരുത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആംഗിളില്‍ ചിന്തിക്കണം. സിപിഐ എല്‍ഡിഎഫിനെ കാണുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വ്യാപ്തിയിലാണ്. എല്‍ഡിഎഫിനെ നിസ്സാരമായി കാണാന്‍ ശ്രമിച്ചാല്‍ സിപിഐ അനുവദിക്കില്ല', ബിനോയ് വിശ്വം പറഞ്ഞു.
ഈ മാസം 27 ന് ആലപ്പുഴയില്‍ എക്‌സിക്യൂട്ടീവ് ചേരുമെന്നും പിന്നോട്ട് പോകുമോയെന്ന് സര്‍ക്കാര്‍ പറയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഗൗരവത്തിലാണ് ശിവന്‍കുട്ടിയുടെ വാര്‍ത്ത സമ്മേളനം കണ്ടതെന്നും കരിക്കുലവും സിലബസും നടപ്പിലാക്കില്ല എന്ന് മന്ത്രി പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അതിന്റെ നിലപാട് പറഞ്ഞു കഴിഞ്ഞു. 27ന് ശേഷമുള്ള ക്യാബിനറ്റിന് ശേഷം നിലപാട് അറിയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിമാരെ ക്യാബിനറ്റിലേക്ക് അയക്കുമോ എന്ന ചോദ്യത്തില്‍ ശൈലി മാറിയില്ലെങ്കില്‍ അപ്പോള്‍ നോക്കാം എന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒരു മന്ത്രിയും കസേരയില്‍ തൂങ്ങി പിടിച്ചിരിക്കില്ല. ക്യാബിനറ്റില്‍ മന്ത്രിമാര്‍ ഉണ്ടോ ഇല്ലയോ എന്നത് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Binoy Viswam against in PM Shri project