

ന്യൂഡല്‍ഹി: പിഎം ശ്രീ ധാരണാപത്രത്തില്‍ കേരളം ഒപ്പുവെച്ചതില്‍ പ്രതികരിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഡീലിന്റെ ഭാഗമായാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി ആശയങ്ങളെ ബലികഴിച്ച് രഹസ്യ അജണ്ട നടപ്പിലാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐയെ തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
'മുന്നണി മാറ്റത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐയാണ്. സിപിഐ ആണ് നിലപാട് പറയേണ്ടത്. സിപിഐ വിമര്‍ശനം തള്ളിക്കളഞ്ഞു. സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ഉല്‍പ്പന്നമാണ് ദേശീയ വിദ്യാഭ്യാസ നയം എന്നാണ് സിപിഐഎമ്മിന്റെ ഭാഷ്യം. ഈ ഉല്‍പ്പന്നം എവിടെ വച്ചാണ് ലഘൂകരിക്കപ്പെട്ടത് എന്നു പറയുന്നില്ല. ഘടകകക്ഷിയെ തള്ളിക്കളഞ്ഞു തീരുമാനമെടുക്കാനുള്ള ചേതോവികാരം എന്താണ്. പിണറായി വിജയന്‍ സിപിഐയുടെ ആശയപരമായ വിമര്‍ശനങ്ങളെ പോലും തള്ളിക്കളയുന്നു', കെ സി വേണുഗോപാല്‍ പറഞ്ഞു.
കാശിന് വേണ്ടിയാണ് നീക്കമെന്നത് ആരും വിശ്വസിക്കില്ലെന്നും അജണ്ട ഓരോന്നായി പുറത്തുവരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ആശയത്തിനോ പാര്‍ട്ടിക്കും അവിടെ പ്രസക്തിയില്ലെന്നും ബിജെപി-സിപിഐഎം ബാന്ധവം ഓരോ ദിവസവും കഠിനമായി കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ രഹസ്യ അജണ്ട എന്തിനെന്ന് ജനം മനസിലാക്കുന്നു. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണിത്. വലിയ സന്തോഷത്തില്‍ എബിവിപി വിദ്യാഭ്യാസ മന്ത്രിയെ കണ്ട് അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചെന്ന സിപിഐഎം വിമര്‍ശനത്തിനും കെ സി വേണുഗോപാല്‍ മറുപടി നല്‍കി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പുണ്ടായിരുന്ന ബിജെപി സര്‍ക്കാരുകളാണ് പദ്ധതിയില്‍ ഒപ്പുവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഇത്തരം പദ്ധതിക്ക് മുന്‍കൈ എടുത്തിട്ടില്ലെന്നും ഒപ്പുവെയ്ക്കാനും മുതിര്‍ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പറയുന്നത് ഒഴിവുകഴിവിന്റെ ഭാഗമാണ്. കോണ്‍ഗ്രസിനെ നോക്കി അല്ലല്ലോ സിപിഐഎം നിലപാടെടുക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത തീരുമാനത്തിലാണ് വെള്ളം ചേര്‍ക്കുന്നത്. സിപിഐ പോയാലും ആ സീറ്റുകളില്‍ കച്ചവടം ഉറപ്പിക്കാമല്ലോ എന്നാണ് ചിന്തിക്കുന്നത്. അക്കാര്യം സിപിഐ മനസിലാക്കണം. സിപിഐ മുന്നണിയില്‍ ഉണ്ടെങ്കിലും സിപിഐഎം കച്ചവടം തുടരും. തൃശ്ശൂര്‍ സീറ്റ് ഇതിന്റെ തെളിവാണ്', കെ സി വേണുഗോപാല്‍ പറഞ്ഞു.
സിപിഐ മത്സരിക്കുന്ന സീറ്റുകളില്‍ സൂക്ഷിക്കണമെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍ സിപിഐയെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുള്ളത് ചില നേതാക്കളുടെ താല്‍പര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസോ യുഡിഎഫോ ചര്‍ച്ചയോ തീരുമാനമോ നടത്തിയിട്ടില്ലെന്നും ഈ ഘട്ടത്തില്‍ അത്തരമൊരു ചര്‍ച്ച അപക്വമാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണ് പിണറായി വിജയന്‍. അര്‍ഹതപ്പെട്ട സഹായം ലഭിക്കുന്നതിന് എന്ത് വിട്ടുവീഴ്ചയും ചെയ്യാമെന്നാണോ. ഗവര്‍ണറുടെ വിഷയം തൊട്ട് ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുടരുന്നുവെന്നും സിപിഐഎം അണികള്‍ക്ക് പോലും ഇത് ദഹിക്കില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Content Highlights: K C Venugopal about PM Shri project