'പിഎം ശ്രീ പദ്ധതിയുടെ നിബന്ധനകൾക്ക് സിപിഐഎം അന്നും ഇന്നും എതിര്; സിപിഐയുമായി വിഷയം ചർച്ച ചെയ്ത് പരിഹരിക്കും'

'മുദ്രാവാക്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരിമിതികളുണ്ട്. എല്ലാ വശങ്ങളിലും ആവശ്യമായ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കും'

'പിഎം ശ്രീ പദ്ധതിയുടെ നിബന്ധനകൾക്ക് സിപിഐഎം അന്നും ഇന്നും എതിര്; സിപിഐയുമായി വിഷയം ചർച്ച ചെയ്ത് പരിഹരിക്കും'
dot image

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദമായിരിക്കെ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിഎം ശ്രീ പദ്ധതിയുടെ നിബന്ധനകള്‍ക്ക് സിപിഐഎം എന്നും എതിരാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പലനിബന്ധനകളും വെച്ച് ഫണ്ട് തടയുകയാണ്. എണ്ണായിരത്തോളം കോടി രൂപ ലഭിക്കാനുണ്ട്. സിപിഐ മുന്നണിയിലെ പ്രബലമായ പാര്‍ട്ടിയാണ്. സിപിഐയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

ഉന്നത വിദ്യാഭ്യാസ രംഗം, വീട് നിര്‍മാണം, ആരോഗ്യം, ധനകാര്യം അടക്കമുള്ള മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ നിബന്ധനകള്‍വെയ്ക്കുകയാണ്. നിബന്ധനകള്‍വെച്ച് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ബാധിക്കുന്ന വിധത്തില്‍ നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് വിഷയത്തില്‍ ഒരക്ഷരം പോലും മിണ്ടിയില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. കേരളത്തില്‍ അവര്‍ സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങുകയാണ്. എല്‍ഡിഎഫ് മുന്നണിയെ അടിക്കാന്‍ വടികിട്ടിയാല്‍ പ്രയോഗിക്കാനാണ് അവര്‍ നോക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം നടപ്പിലാക്കുന്ന സര്‍ക്കാരാണ് എന്നാണോ കരുതിയിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. മുദ്രാവാക്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരിമിതികളുണ്ട്. എല്ലാ വശങ്ങളിലും ആവശ്യമായ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കും. കൃത്യമായ ഇടപെടല്‍ നടത്തി മുന്നോട്ടുപോകും. നിബന്ധനകള്‍ ഉള്ളപ്പോള്‍ തന്നെ ഫണ്ട് വാങ്ങിയിട്ടുള്ളതാണ്. പിഎം ശ്രീ ആദ്യമായി നടക്കുന്ന പ്രശ്‌നമായി കാണരുത്. എല്‍ഡിഎഫ് മുന്നണി ഒറ്റക്കെട്ടായി പൊരുതി മുന്നോട്ട് പോകും. കേന്ദ്രത്തിന് വഴങ്ങി എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. രാജ്യത്തെ ജനങ്ങളുടെ പണമാണ്. നരേന്ദ്രമോദിയുടെയോ ബിജെപിയുടെയോ പണമല്ല. വിദ്യാഭ്യാസ മേഖലയില്‍ 1.502 കോടി രൂപയുടെ കുടിശ്ശികയുണ്ട്. കേരള സര്‍ക്കാരാണ് ഇതിന് പണം നല്‍കുന്നത്. കുട്ടികളുടെ യൂണിഫോം, അധ്യാപകരുടെ ശമ്പളം അടക്കം നല്‍കേണ്ടതുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന ബന്ധം എന്ന് പറയുന്നത് ഫെഡറല്‍ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി അല്ലേയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ആ നയം തകര്‍ക്കുന്ന ഗവണ്‍മെന്റിന്റെ സമീപനത്തെയാണ് ശക്തമായി എതിര്‍ക്കേണ്ടത്. അത് ശക്തമായി എതിര്‍ത്തുകൊണ്ടുതന്നെ മുന്നോട്ടുപോകും. നിലപാടിനോട് യോജിക്കുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ ഫണ്ട് ലഭിക്കേണ്ടത് ആവശ്യമാണ്. കടുംപിടുത്തം പിടിച്ച് നില്‍ക്കേണ്ട കാര്യമില്ല. കൂട്ടായ തീരുമാനമെടുക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐക്കെതിരെ താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. താന്‍ പ്രതികരിക്കാന്‍ ഇല്ല എന്നു പറഞ്ഞതിനെ വളച്ചൊടിച്ചു. നടന്നുപോകുമ്പോള്‍ ആണ് സിപിഐ എന്നൊക്കെ മാധ്യമങ്ങള്‍ ചോദിച്ചത്. പ്രതികരിക്കാന്‍ ഇല്ല എന്നു പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights- M V Govindan reaction on pm shri project

dot image
To advertise here,contact us
dot image