ശബരിമല സ്വർണപ്പാളി കൈമാറ്റം; ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും എസ്ഐടി അന്വേഷണം

ഉണ്ണികൃഷ്ണൻ പോറ്റി ചെറിയ മീനെന്നും പിന്നിൽ വമ്പൻ സ്രാവുകളുണ്ടെന്നും ഹൈക്കോടതി നിരീക്ഷണം

ശബരിമല സ്വർണപ്പാളി കൈമാറ്റം; ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും എസ്ഐടി അന്വേഷണം
dot image

എറണാകുളം: ശബരിമലയിലെ സ്വർണപ്പാളികൾ കൈമാറ്റം ചെയ്തതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും എസ്ഐടി അന്വേഷണം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശിൽപ പാളികളും താങ്ങുപീഠവും കൈമാറാൻ പിഎസ് പ്രശാന്ത് നിർദേശം നൽകിയതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിന്റെ മിനുട്ട്സ് ബുക് പിടിച്ചെടുക്കാനും എസ്ഐടിക്ക് ഹൈക്കോടതി നിർദേശം നൽകി. ഉണ്ണികൃഷ്ണൻ പോറ്റി ചെറിയ മീനെന്നും പിന്നിൽ വമ്പൻ സ്രാവുകളുണ്ടെന്നുമാണ് ഇടക്കാല ഉത്തരവിലെ ഹൈക്കോടതിയുടെ നിരീക്ഷണം.

2024ൽ സ്വർൺപ്പാളികൾ കേടുവന്നതിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. 2019ലെ തട്ടിപ്പിന്റെ ബാക്കിയാണോ 2025ലെ ശ്രമമെന്ന് അന്വേഷിക്കണം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശിൽപ പാളികളും താങ്ങുപീഠവും കൈമാറാൻ പി എസ് പ്രശാന്ത് നിർദേശം നൽകി. പിഴവും അശ്രദ്ധയുമാണ് 2025 സെപ്റ്റംബർ മൂന്നിലെ ബോർഡ് തീരുമാനം. 2019ലെ സ്വർണ നഷ്ടം പരിശോധിക്കാതെയാണ് പോറ്റിക്ക് വീണ്ടും പാളികൾ നൽകാൻ തീരുമാനമെടുത്തത്. ശിൽപ പാളികൾ 2025ലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. ഹൈക്കോടതിയുടെ അനുമതി വാങ്ങാത്തതും സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാത്തതും ഇതിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.

പോറ്റിക്ക് പാളികൾ നൽകാമെന്ന ദേവസ്വം കമ്മിഷണറുടെ നിലപാടുമാറ്റം സംശയകരമാണ്. സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ദേവസ്വം ബോർഡ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല. കീഴുദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രക്ഷപ്പെടാനും നേതൃത്വത്തിന് കഴിയില്ല. സ്വർണക്കൊള്ളയ്ക്ക് കൂട്ടുനിന്ന ദേവസ്വം ഉന്നതർ മുതൽ താഴേക്കുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും പങ്ക് എസ്ഐടി അന്വേഷിക്കണം. സ്വർണക്കൊള്ളയിലെ വിശാല ഗൂഢാലോചന, അധികാര ദുർവിനിയോഗം, ചുമതലയിൽ നിന്നുള്ള വ്യതിചലനം എന്നിവ അന്വേഷിക്കണം. ദേവസ്വം ബോർഡിന്റെ മിനുട്ട്സ് ബുക് പിടിച്ചെടുക്കണം. മിനുട്ട്സ് സുരക്ഷിതമായി എസ്ഐടി കസ്റ്റഡിയിൽ സൂക്ഷിക്കണം. മിനുട്ട്സ് പകർപ്പ് ഹൈക്കോടതി രജിസ്ട്രിക്ക് കൈമാറണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നുണ്ട്. ഹർജി ഹൈക്കോടതി നവംബർ അഞ്ചിന് വീണ്ടും പരിഗണിക്കും.

Content Highlights: SIT probes Devaswom Board President P S Prasanth in Sabarimala gold case

dot image
To advertise here,contact us
dot image