നാല് ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി കേരളത്തിലെത്തി; ശബരിമല ദർശനം നാളെ

പമ്പ ഗണപതിക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ച്, പ്രത്യേക ഗൂർഖാ ജീപ്പിൽ വാഹനവ്യൂഹം ഒഴിവാക്കിയാണ് രാഷ്ട്രപതി മലകയറുക

നാല് ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി കേരളത്തിലെത്തി; ശബരിമല ദർശനം നാളെ
dot image

തിരുവനന്തപുരം: ശബരിമല ദർശനം ഉൾപ്പടെ നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു. രാഷ്ട്രപതി ഇന്ന് രാജ്ഭവനിലാണ് താമസിക്കുന്നത്. നാളെയാണ് ശബരിമല ദർശനം.

നാളെ രാവിലെ 9.35 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ശബരിമലയിലേക്ക് രാഷ്ട്രപതി യാത്ര തിരിക്കും. ഹെലികോപ്റ്ററിൽ നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. പമ്പ ഗണപതിക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ച്, പ്രത്യേക ഗൂർഖാ ജീപ്പിൽ വാഹനവ്യൂഹം ഒഴിവാക്കിയാണ് മലകയറുക. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് മലകയറ്റം. പന്ത്രണ്ട് മണിയോടെ സന്നിധാനത്ത് എത്തി ദർശനത്തിന് ശേഷം രാഷ്ട്രപതി ദേവസ്വം ഗസ്റ്റ് ഹൗസിൽ തങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിയോടെ പമ്പയിലേക്ക് തിരിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ശബരിമലയിൽ സുരക്ഷ ശക്തമാക്കി.

ശബരിമല ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി, ഗവർണർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. 23ന് രാവിലെ രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ശേഷം ശിവഗിരിയിൽ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പാലാ സെയ്ന്റ് തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും. 24ന് എറണാകുളം സെയ്ന്റ് തെരാസസ് കോളേജിലെ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഡൽഹിയിലേക്കുള്ള മടക്കം.

Content Highlights: President Droupadi Murmu arrives in Kerala for four day visit

dot image
To advertise here,contact us
dot image