
വിവിധ തരം തട്ടിപ്പുകളെ പറ്റിയും തട്ടിപ്പുക്കാരെ പറ്റിയും നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാൽ ചായക്കടക്കാരനിൽ നിന്നും സൈബർ തട്ടിപ്പുകാരനായി മാറിയ ആളുടെ അവിശ്വസീനയ വിവരങ്ങളാണ് ബിഹാറിൽ നിന്ന് വരുന്നത്. ബിഹാറിലെ ഗോപാല്‍ഗഞ്ചിലെ ഒരു ചായക്കട നടത്തിയിരുന്ന ആളാണ് തട്ടിപ്പിന് പിന്നില്‍. അന്തര്‍സംസ്ഥാന സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണോ ഇയാളെന്നാണ് സംശയം.
നേരത്തെ ചായക്കട നടത്തിയിരുന്ന അഭിഷേക് കുമാർ പിന്നീട് തട്ടിപ്പിൻ്റെ ബുദ്ധികേന്ദ്രമാകുകയായിരുന്നു. ഇയാള്‍ക്കൊപ്പം സഹോദരനായ ആദിത്യ കുമാറും തട്ടിപ്പില്‍ പങ്കാളിയായി. ചായക്കട നടത്തി വന്ന അഭിഷേക് കുമാര്‍ പിന്നീട് പതിയെ ദുബായിലേക്ക് ചേക്കറുകയായിരുന്നു. ഇവിടെ നിന്നാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഈ സമയം സഹോദരന്‍ ആദിത്യ ഇന്ത്യയിലെ ഇടപാടുകളും ലോജിസ്റ്റിക്‌സും കൈകാര്യം ചെയ്യും. ഇയാളുടെ ആമൈതി ഖുര്‍ദ് ഗ്രാമത്തിലെ വീട്ടില്‍ നിന്ന് പൊലീസ് റെയിഡ് നടത്തി ഇതുവരെ കണ്ടെത്തിയിരിക്കുന്നത് 1,05,49,850 രൂപയും 344 ഗ്രാം സ്വര്‍ണവും 1.75 കിലോഗ്രാം വെള്ളിയുമാണ്.
ഇതിന് പുറമേ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഭാഗമായി 85 എടിഎം കാര്‍ഡുകള്‍, 75 ബാങ്ക് പാസ്ബുക്കുകള്‍, 28 ചെക്ക്ബുക്കുകള്‍, ആധാര്‍ കാര്‍ഡുകള്‍, രണ്ട് ലാപ്‌ടോപ്പുകള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു ആഡംബര കാര്‍ഡ് എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ബാങ്ക് പാസ്ബുക്കുകളില്‍ പലതും ബെംഗളൂരുവില്‍ നിന്നാണ്.
ബിഹാറിന് പുറത്തേക്കും ഈ തട്ടിപ്പ് ശൃംഖല വ്യാപിച്ചിട്ടുണ്ട്. സംഘവുമായി ബന്ധപ്പെട്ട നിരവധി പേരെ ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു. അഭിഷേകിനെയും ആദിത്യയെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ അന്വേഷണം നടത്തിയതെന്നും കൂടുതല്‍ അന്വേഷണം കേസില്‍ നടത്തി വരികയാണെന്നും ഡിഎസ്പി അറിയിച്ചു.
Content Highlights- Huge fraud by a tea vendor in Bihar, over 1 crore cash seized