
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ എംഎസ്എഫിൽ ഭിന്നത. വിഷയത്തിൽ മന്ത്രിയെടുത്ത നിലപാടുകളെ അഭിനന്ദിച്ചുകൊണ്ട് എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ. സജല്‍ ഇബ്രാഹിം രംഗത്തെത്തിയതിന് പിന്നാലെ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് രംഗത്തെത്തി. അവകാശ സംരക്ഷണം എന്ന പേര് പറഞ്ഞ് ഈ സമുദായത്തെ നടുറോഡിൽ നിർത്തിയത് സിപിഐഎമ്മാണ് എന്ന് ഓർമ്മ വേണമെന്നും സിപിഐഎം എന്ന ഇന്റലക്ച്വൽ ഫാസിസത്തെ ന്യൂനപക്ഷ സമുദായങ്ങൾ ജാഗ്രതയോടെ കാണുകയാണ് വേണ്ടത് എന്നും സി കെ നജാഫ് ഫേസ്ബുക്കിലൂടെ വിമർശിച്ചു. ഒരു സമുദായത്തിന്റെ എല്ലാ അടയാളങ്ങളെയും ഓരോന്നോരോന്നായി തകർത്തുകളഞ്ഞതിന് പിന്നാലെ, വിലാപങ്ങൾക്ക് കണ്ണീർ കാണിച്ച് അഭിനയിക്കുകയല്ല ശിവൻകുട്ടി വേണ്ടത് എന്നും നജാഫ് ആഞ്ഞടിച്ചു.
ന്യൂനപക്ഷ സ്‌കോളർഷിപ്പ്, 2018ലെ ഹിജാബ് വിധി, ഭിന്നശേഷി സംവരണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു സർക്കാരിനെതിരെയും ശിവൻകുട്ടിക്കെതിരെയും സി കെ നജാഫിന്റെ വിമർശനം. ഇപ്പോൾ നടക്കുന്നത് ഒരു രാഷ്ട്രീയ നാടകമാണെന്നും ആട്ടം കണ്ടിട്ട് സമുദായത്തിന്റെ ഏതെങ്കിലും ഒരു അവകാശം സംരക്ഷിക്കപ്പെടും എന്ന് തോന്നുന്നുവെങ്കിൽ നാം വിഡ്ഢികളുടെ സ്വർഗത്തിലാണ് എന്നും നജാഫ് വിമർശിച്ചു. ശിവൻകുട്ടി മിനിസ്റ്ററുടെ പ്രഛന്ന വേഷത്തിന് താഴെ തക്ബീർ വിളിക്കുന്നവർ വഞ്ചനയാണ് ചെയ്യുന്നത് എന്നും നജാഫ് കൂട്ടിച്ചേർത്തു.
ഹിജാബ് വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലുകളെ പുകഴ്ത്തി എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ. സജല്‍ ഇബ്രാഹിം രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പമായിരുന്നു സജലിന്റെ പ്രതികരണം. വിമർശനം ഉയർന്നതിന് പിന്നാലെ ചിത്രം സജൽ ഡിലീറ്റ് ചെയ്തിരുന്നു.
'ഇന്ന് ഞാനൊരു ചിരി കണ്ടു. വളരെ മനോഹരമായ ചിരി. ഏകതയും തുല്യതയും സാരേ ജഹാം സേ അച്ചാ ഉദ്ധരിച്ചുകൊണ്ടുളള ചിരി. ആ ചിരിക്കും ചിരിച്ചയാളുടെ വസ്ത്രത്തിനും ഒരേ നിറമായിരുന്നു. അവള്‍ മിടുക്കിയാണ്. ഭരണഘടന അവള്‍ക്ക് അനുവദിച്ച് നല്‍കിയ അവകാശത്തിനായി ശബ്ദമുയര്‍ത്തി. അവള്‍ പറയും ഞാനായിരുന്നു ശരി. കാരണം, ഞാന്‍ എന്തിനുവേണ്ടിയാണോ സംസാരിച്ചത്, അതേ അവകാശം അനുഭവിച്ചുകൊണ്ടാണ് അവള്‍ക്കെതിരെ അവര്‍ ചിരിച്ചത്. അവള്‍ തന്നെയാണ് ശരി': അഡ്വ. സജല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുട്ടിയെ ക്ലാസില്‍ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് വന്നാല്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്. സ്‌കൂളിന്റെ നിബന്ധന അനുസരിച്ച് കുട്ടി വന്നാല്‍ ആദ്യ ദിനത്തില്‍ എന്ന പോലെ വിദ്യ നല്‍കാന്‍ തയ്യാറാണ്. സ്‌കൂള്‍ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥി വന്നാല്‍ സ്വീകരിക്കും. സര്‍ക്കാരിനെയും നിയമത്തെയും അനുസരിച്ചാണ് ഇതുവരെ മുന്നോട്ട് പോയത് എന്നും പ്രിന്‍സിപ്പൽ പറഞ്ഞു.
എന്നാൽ വിദ്യാര്‍ത്ഥി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാനൊരുങ്ങുകയാണെന്ന് പിതാവ് അറിയിച്ചു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്. ഹിജാബുമായി ബന്ധപ്പെട്ട വിവാദം കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് അറിയിച്ചത്. പുതിയ സ്‌കൂളില്‍ പഠനം തുടരും.