
മലപ്പുറം: പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ശിരോവസ്ത്രത്തിന്റെ പേരില്‍ വിദ്യാഭ്യാസം മുടങ്ങിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരളത്തില്‍ ഒരു കാരണവശാലം സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെണ്‍കുട്ടിയുടേതെന്നും ഇത്തരം വിവാദങ്ങള്‍ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പളളുരുത്തി സ്‌കൂളില്‍ ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ. വളരെ നിര്‍ഭാഗ്യകരമായിപ്പോയി. കേരളത്തില്‍ സംഭവിച്ചുകൂടാത്തതാണ്. നിയമം അനുസരിച്ച് വരികയാണെങ്കില്‍ എന്നാണ് അവര്‍ പറഞ്ഞത്. എന്ത് നിയമമാണത്? ഒരു കുട്ടിയുടെ തലയില്‍ ഒരുമുഴം നീളമുളള തുണി, അവരുടെ ശിരോവസ്ത്രം പോലെ തന്നെ. അത് കണ്ടാല്‍ പേടിയാവും, നിയമവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് നിര്‍ഭാഗ്യകരമായി. കേരളത്തില്‍ സംഭവിച്ചുകൂടാത്ത ഒന്നാണ്. ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതുമാണ്. പൊതുസമൂഹം ഇതിനെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണ്. അതില്‍ യാതൊരു സംശയവുമില്ല': പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുട്ടിയെ ക്ലാസില്‍ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് വന്നാല്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്. സ്‌കൂളിന്റെ നിബന്ധന അനുസരിച്ച് കുട്ടി വന്നാല്‍ ആദ്യ ദിനത്തില്‍ എന്ന പോലെ വിദ്യ നല്‍കാന്‍ തയ്യാറാണ്. സ്‌കൂള്‍ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥി വന്നാല്‍ സ്വീകരിക്കും. സര്‍ക്കാരിനെയും നിയമത്തെയും അനുസരിച്ചാണ് ഇതുവരെ മുന്നോട്ട് പോയത് എന്നും പ്രിന്‍സിപ്പൽ പറഞ്ഞു.
എന്നാൽ വിദ്യാര്‍ത്ഥി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാനൊരുങ്ങുകയാണെന്ന് പിതാവ് അറിയിച്ചു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്. ഹിജാബുമായി ബന്ധപ്പെട്ട വിവാദം കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് അറിയിച്ചത്. പുതിയ സ്‌കൂളില്‍ പഠനം തുടരും.
Content Highlights: How can a single inch of cloth on a child's head be illegal?: PK Kunhalikutty on hijab row