എത്ര കോടി തന്നാലും അതുപോലെ ഒരു റോൾ ഇനി ചെയ്യില്ല, ആ സിനിമയ്ക്ക് ശേഷം ജീവിതം അവസാനിച്ചെന്ന് കരുതി: വിശാൽ

'ആ വേഷത്തിനിടയിൽ ഞാൻ ഒരുപാട് വേദന അനുഭവിച്ചു'

എത്ര കോടി തന്നാലും അതുപോലെ ഒരു റോൾ ഇനി ചെയ്യില്ല, ആ സിനിമയ്ക്ക് ശേഷം ജീവിതം അവസാനിച്ചെന്ന് കരുതി: വിശാൽ
dot image

വിശാൽ, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബാല ഒരുക്കിയ സിനിമയാണ് അവൻ ഇവൻ. ചിത്രത്തിൽ വിശാൽ അവതരിപ്പിച്ച വാൾട്ടർ വണങ്കാമുടി എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് വിശാൽ. എത്ര കോടി തന്നാലും ഇനി അത്തരം ഒരു കഥാപാത്രം താൻ ചെയ്യില്ലെന്നും ഒരുപാട് വേദന ആ കഥാപാത്രം നൽകിയെന്നും വിശാൽ പറഞ്ഞു.

'ഇനി എത്ര കോടികൾ വാഗ്ദാനം ചെയ്താലും എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും അത്തരം ഒരു കഥാപാത്രം ഞാൻ ചെയ്യില്ല. ആ സമയത്ത്, ബാല സാറിന് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. അന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെടുന്നതെന്തും ഞാൻ ചെയ്യുമായിരുന്നു. ആ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം അവസാനിച്ചുവെന്ന് ഞാൻ കരുതി. ആ വേഷത്തിനിടയിൽ ഞാൻ ഒരുപാട് വേദന അനുഭവിച്ചു. ഞാൻ ഒരിക്കലും ഒരു ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. എന്റെ ശരീരത്തിൽ ആകെ 119 തുന്നലുകൾ ഉണ്ട്', വിശാലിന്റെ വാക്കുകൾ.

ബാല തന്നെ കഥയും തിരക്കഥയും എഴുതിയ സിനിമ വലിയ വിജയമായിരുന്നു നേടിയത്. അതേസമയം, മദ ഗജ രാജയ്ക്ക് ശേഷം വിശാൽ നായകനായി എത്തുന്ന അടുത്ത സിനിമയാണ് മകുടം. ദുഷാര വിജയൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. വമ്പൻ ബജറ്റിൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. അഥർവയെ നായകനാക്കി ഒരുക്കിയ 'ഈട്ടി' എന്ന സിനിമയൊരുക്കിയ രവി അരശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ സംവിധാനം നടൻ വിശാൽ തന്നെ ഏറ്റെടുത്തു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. സംവിധായകൻ രവി അരശുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റി പകരം സംവിധാനം വിശാൽ ഏറ്റെടുത്തത് എന്നാണ് വിവരം. നേരത്തെ സംവിധായകനും വിശാലും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ വിശാൽ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Content Highlights: Vishal about his role in Avan Ivan and struggles he faced

dot image
To advertise here,contact us
dot image