'ഇന്ന് ഞാനൊരു ചിരി കണ്ടു, മനോഹരമായ ചിരി': ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിച്ച് എംഎസ്എഫ് നേതാവ്

'അവള്‍ പറയും ഞാനായിരുന്നു ശരി. കാരണം, ഞാന്‍ എന്തിനുവേണ്ടിയാണോ സംസാരിച്ചത്, അതേ അവകാശം അനുഭവിച്ചുകൊണ്ടാണ് അവള്‍ക്കെതിരെ അവര്‍ ചിരിച്ചത്'

'ഇന്ന് ഞാനൊരു ചിരി കണ്ടു, മനോഹരമായ ചിരി': ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിച്ച് എംഎസ്എഫ് നേതാവ്
dot image

തിരുവന്തപുരം: ഹിജാബ് വിവാദത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അഭിനന്ദനവുമായി എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ. സജല്‍ ഇബ്രാഹിം. ഭരണഘടനാ മൗലിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഹൃദയാഭിവാദ്യങ്ങള്‍ എന്നാണ് അഡ്വ. സജല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പമായിരുന്നു സജലിന്റെ പ്രതികരണം.

'ഇന്ന് ഞാനൊരു ചിരി കണ്ടു. വളരെ മനോഹരമായ ചിരി. ഏകതയും തുല്യതയും സാരേ ജഹാം സേ അച്ചാ ഉദ്ധരിച്ചുകൊണ്ടുളള ചിരി. ആ ചിരിക്കും ചിരിച്ചയാളുടെ വസ്ത്രത്തിനും ഒരേ നിറമായിരുന്നു. അവള്‍ മിടുക്കിയാണ്. ഭരണഘടന അവള്‍ക്ക് അനുവദിച്ച് നല്‍കിയ അവകാശത്തിനായി ശബ്ദമുയര്‍ത്തി. അവള്‍ പറയും ഞാനായിരുന്നു ശരി. കാരണം, ഞാന്‍ എന്തിനുവേണ്ടിയാണോ സംസാരിച്ചത്, അതേ അവകാശം അനുഭവിച്ചുകൊണ്ടാണ് അവള്‍ക്കെതിരെ അവര്‍ ചിരിച്ചത്. അവള്‍ തന്നെയാണ് ശരി': അഡ്വ. സജല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുട്ടിയെ ക്ലാസില്‍ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് വന്നാല്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്. സ്‌കൂളിന്റെ നിബന്ധന അനുസരിച്ച് കുട്ടി വന്നാല്‍ ആദ്യ ദിനത്തില്‍ എന്ന പോലെ വിദ്യ നല്‍കാന്‍ തയ്യാറാണ്. സ്‌കൂള്‍ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥി വന്നാല്‍ സ്വീകരിക്കും. സര്‍ക്കാരിനെയും നിയമത്തെയും അനുസരിച്ചാണ് ഇതുവരെ മുന്നോട്ട് പോയത് എന്നും പ്രിന്‍സിപ്പൽ പറഞ്ഞു.

എന്നാൽ വിദ്യാര്‍ത്ഥി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാനൊരുങ്ങുകയാണെന്ന് പിതാവ് അറിയിച്ചു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്. ഹിജാബുമായി ബന്ധപ്പെട്ട വിവാദം കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് അറിയിച്ചത്. പുതിയ സ്‌കൂളില്‍ പഠനം തുടരും.

Content Highlights: MSF leader praises state education department over hijab controversy palluruthy

dot image
To advertise here,contact us
dot image