
ലഡാക്ക്: ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. വിരമിച്ച സുപ്രീംകോടതി ജഡ്ജി ബി എസ് ചൗഹാന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സംഘര്‍ഷവും തുടര്‍ന്നുണ്ടായ പൊലീസ് നടപടിയും സംഘം അന്വേഷിക്കും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കിലെ സംഘടനകളും സോനം വാങ്ചുക്കും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സ്വതന്ത്ര പദവി ആവശ്യപ്പെട്ടുകൊണ്ട് സെപ്തംബര്‍ 24നായിരുന്നു ലഡാക്കില്‍ പ്രതിഷേധം നടന്നത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമ സംഭവങ്ങൾക്ക് വഴിവെച്ചത് സോനം വാങ്ചുക്കിന്റെ പ്രസംഗമാണെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സോനം വാങ്ചുക്കിന്റെ എന്‍ജിഒ ആയ സ്റ്റുഡന്റ് എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ (സെക്മോള്‍) വിദേശ സംഭാവന സ്വീകരിക്കാനുളള എഫ്സിആര്‍എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. പിന്നാലെയായിരുന്നു സോനം വാങ്ചുക്കിന്റെ അറസ്റ്റ്.
അറസ്റ്റിന് പിന്നാലെ ലഡാക്ക് ജനതയ്ക്ക് അയച്ച കത്തിൽ ലഡാക്കിന്റെ സംസ്ഥാന പദവിക്കായി ഉറച്ച് നിൽക്കുമെന്ന് സോനം വാങ്ചുക്ക് വ്യക്തമാക്കിയിരുന്നു. നാല് പേരുടെ മരണത്തിനിടയാക്കിയ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സോനം വാങ്ചുക്ക് ആവശ്യപ്പെട്ടിരുന്നു.
സോനം വാങ്ചുക്കിനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ദേശസുരക്ഷാ നിയമപ്രകാരമുളള കുറ്റങ്ങളാണ് ചാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന് പാക് ബന്ധമുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പാക് ബന്ധം, സാമ്പത്തിക ക്രമക്കേടുകള്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് വാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്.
Content Highlight; Centre orders judicial inquiry into Ladakh protest