
ഇന്ത്യൻ ആഭ്യന്തര മത്സരത്തിൽ വനിതാ ടി20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡ് തകർത്ത് ഓപ്പണിങ് ബാറ്റർ കിരൺ നവ്ഗിരെ. 34 പന്തിൽ നിന്ന് സെഞ്ച്വറി നേടിയാണ് നവ്ഗറെ റെക്കോർഡ് പൂർത്തിയാക്കിയത്. സീനിയർ വനിതാ ടി-20 ട്രോഫിയിൽ പഞ്ചാബിനെതിരെ മഹാരാഷ്ട്രക്ക് വേണ്ടിയാണ് താരത്തിന്റെ വെടിക്കെട്ട്. മത്സരത്തിൽ മഹാരാഷ്ട്ര ഒമ്പത് വിക്കറ്റിന്റെ വിജയം നേടി. നവ്ഗിറെ 36 പന്തിൽ 105 റൺസുമായി പുറത്താകാതെ നിന്നു.
2021 ജനുവരിയിൽ വെല്ലിംഗ്ടൺ ബ്ലേസിനായി 36 പന്തിൽ സെഞ്ച്വറി നേടിയ ന്യൂസിലൻഡിന്റെ സോഫി ഡിവൈന്റെ റെക്കോർഡാണ് 31 കാരിയായ ഇന്ത്യൻ ബാറ്റർ മറികടന്നത്.
വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ഏഴ് സിക്‌സറുകളും 14 ഫോറുകളും അടിച്ചാണ് താരം റെക്കോർഡുകൾ ഭേദിച്ചത്. മഹാരാഷ്ട്ര വെറും എട്ട് ഓവറിൽ 111 റൺസ് എന്ന വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. വിജയലക്ഷ്യം പിന്തുടർന്നു.
302.86 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ താരം 300 ൽ കൂടുതൽ സ്‌ട്രൈക്ക് റേറ്റിൽ സെഞ്ച്വറി നേടിയ ഏക വനിത താരമായി. ബാറ്റ് ചെയ്ത മറ്റ് രണ്ട് താരങ്ങൾ ആകെ നേടിയത് ഏഴ് റൺസാണെന്നുള്ളതും താരത്തിന്റെ ഇന്നിങ്‌സിന്റെ വലുപ്പം കാണിക്കുന്നു.
Content Highlights- Navgire hits fastest ever women's T20 hundred