
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ഹെലീന ആല്‍ബിക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയ സെന്റ് റീത്ത പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു ശിവപ്രസാദിന്റെ പ്രതികരണം. മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ ലോക മാതൃകയായ കേരളത്തില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശികൊണ്ട് അനാവശ്യ വിവാദമാക്കിയതിന് നന്ദിയുണ്ടെന്ന് എം ശിവപ്രസാദ് പറഞ്ഞു.
ഛത്തീസ്ഗഡില്‍ തീരു വസ്ത്രം ധരിച്ച കന്യാസ്ത്രീകളെ ആക്രമിക്കുമ്പോള്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രം കൂടിയായിരുന്നു സംഘപരിവാരിന്റെ പ്രശ്‌നമെന്ന് മറന്നു പോകരുതെന്നും ശിവപ്രസാദ് പറഞ്ഞു. സംഘപരിവാരം ചുട്ടെരിച്ചു കളഞ്ഞ ഗ്രഹാം സ്റ്റെയിന്‍ എന്ന മിഷനറിയെ മറന്നു പോകരുത്.
മതവിശ്വാസവും വസ്ത്രവും അക്രമിക്കപ്പെടാനുള്ള കാരണമാകുന്ന വര്‍ഗ്ഗീയ വാദികള്‍ ഭരിക്കുന്ന വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചും മറന്നുപോകരുത്. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യമെന്നും മറന്നു പോകരുത്. ഇതെല്ലാം ഓര്‍മ്മയില്‍ ഉണ്ടാവാന്‍ കൂടി പ്രാര്‍ത്ഥിക്കുന്നത് നന്നാവുമെന്നും ശിവപ്രസാദ് പറഞ്ഞു.
അതിനിടെ ഹിജാബ് വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകണം തേടി. സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനെതിരെ സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തിയത് വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുട്ടിയെ ക്ലാസില്‍ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. തുടക്കം മുതല്‍ കുട്ടിയെ ചേര്‍ത്തുപിടിച്ച നിലപാടായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സ്വീകരിച്ചത്. എന്നാല്‍ സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് വന്നാല്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്. എല്ലാവർക്കും പ്രിൻസിപ്പൽ നന്ദി പറയുകയും ചെയ്തിരുന്നു. പ്രതിപക്ഷം പ്രിൻസിപ്പലിന്റെ നിലപാട് ഏറ്റുപിടിച്ചിരുന്നു.
Content Highlights- M Sivaprasad against st ritas school principal over hijab controversy