
കൊച്ചി: പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഹർജിയിൽ വാദം നടക്കുന്നതിനിടെ സെന്റ് റീത്താസ് സ്കൂളിൽ അഭിഭാഷക കുട്ടികളുടെ കണക്ക് മതാടിസ്ഥാനത്തിൽ പറഞ്ഞിരുന്നു. ഹിന്ദു, മുസ്ലിം എന്ന രീതിയിൽ വേർതിരിച്ചായിരുന്നു കുട്ടികളുടെ കണക്ക് അഭിഭാഷക അവതരിപ്പിച്ചത്. ഇതിനെതിരെ ഹൈക്കോടതി രംഗത്തെത്തി. കുട്ടികളെ മതത്തിന്റെ പേരിൽ വേർതിരിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.
സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനെതിരെ സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
അടുത്ത വെളളിയാഴ്ച്ച ഹര്‍ജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വി ജെ അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. തങ്ങളുടേത് സിബിഎസ്ഇ സ്‌കൂളാണെന്നും അതിനാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും ഡിഡിഇയ്ക്കും ഇത്തരം നടപടികള്‍ സ്വീകരിക്കാനുളള അധികാരമില്ല, ഇതൊരു അമിതാധികാര പ്രയോഗമാണ് എന്നായിരുന്നു സെന്റ് റീത്താസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. ഹിജാബ് ധരിച്ച കുട്ടിയെ പുറത്തുനിർത്തിയ സംഭവത്തിൽ വിശദീകരണവുമായി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്തെത്തിയിരുന്നു.
സ്‌കൂളിന്റെ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥി വന്നാല്‍ സ്വീകരിക്കുമെന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. സ്‌കൂളിന്റെ നിബന്ധന അനുസരിച്ച് കുട്ടി വന്നാല്‍ ആദ്യ ദിനത്തില്‍ എന്ന പോലെ വിദ്യ നല്‍കാന്‍ തയ്യാറാണ്. സ്‌കൂള്‍ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥി വന്നാല്‍ സ്വീകരിക്കും. സര്‍ക്കാരിനെയും നിയമത്തെയും അനുസരിച്ചാണ് ഇതുവരെ മുന്നോട്ട് പോയത് എന്നും പ്രിന്‍സിപ്പൽ പറഞ്ഞു.
അതേസമയം, വിദ്യാര്‍ത്ഥി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാനൊരുങ്ങുകയാണെന്ന് പിതാവ് അറിയിച്ചിരുന്നു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്. ഹിജാബുമായി ബന്ധപ്പെട്ട വിവാദം കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് അറിയിച്ചത്. പുതിയ സ്‌കൂളില്‍ പഠനം തുടരും.
Content Highlights: There is no stay on the order to admit a child wearing a hijab to school: Setback to St rita's school