പുന:സംഘടന; ജോസ് വള്ളൂരിനെ ജനറൽ സെക്രട്ടറിയാക്കിയതിൽ ഒളിയമ്പുമായി കെ മുരളീധരൻ

തെരഞ്ഞെടുപ്പ് കാലമായതിനാൽ പരസ്യ ചർച്ചയ്ക്കില്ലെന്നും മുരളീധരൻ

പുന:സംഘടന; ജോസ് വള്ളൂരിനെ ജനറൽ സെക്രട്ടറിയാക്കിയതിൽ ഒളിയമ്പുമായി കെ മുരളീധരൻ
dot image

കോട്ടയം: കെപിസിസി പുന:സംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. തൃശ്ശൂര്‍ ഡിസിസി മുന്‍ പ്രസിഡന്‍റ് ജോസ് വള്ളൂരിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കിയതിൽ ഒളിയമ്പുമായി കെ മുരളീധരൻ രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ സഹായിച്ചതാണല്ലോയെന്നും അപ്പോൾ അവർക്ക് സ്ഥാനം നൽകണമല്ലോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുരളീധരന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മത്സരിക്കുമ്പോള്‍ ജോസ് വള്ളൂരായിരുന്നു ഡിസിസി പ്രസിഡന്‍റ്. അന്നത്തെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുരളീധരന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

തന്റെ അഭിപ്രായങ്ങൾ കെപിസിസി പ്രസിഡന്റിനെ നേരിട്ട് വിളിച്ച് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാൽ പരസ്യ ചർച്ചയ്ക്കില്ല. തനിക്കും ഇക്കാര്യത്തിൽ പല അഭിപ്രായങ്ങളുണ്ട്. ഹൈക്കമാൻഡ് തീരുമാനിച്ച പട്ടിക അന്തിമമാണ്. ഇക്കാര്യത്തിൽ പരാതിയുള്ളവർ ഹൈക്കമാൻഡിനെ അറിയിക്കുകയാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

പട്ടികയിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് വക്താവ് ഷമ മുഹമ്മദും രംഗത്തെത്തിയിരുന്നു. 'കഴിവ് ഒരു മാനദണ്ഡമാണോ' എന്നാണ് ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ ഷമ മുഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചത്. പുനഃസംഘടനയിൽ പരിഗണിക്കാമെന്ന് ഷമയ്ക്ക് നേതൃത്വം ഉറപ്പ് നൽകിയിരുന്നു. നേതാക്കൾക്ക് ഒറ്റ പദവി മാനദണ്ഡം പോലും എടുത്തുകളഞ്ഞ് ചുമതല നൽകിയപ്പോൾ താൻ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന അതൃപ്തിയാണ് ഷമ പരസ്യമാക്കിയത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഷമ കണ്ണൂരിൽ നിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. കേരളത്തിൽ സജീവമായി ഇടപെടുന്നില്ലെന്നത് ഷമയ്ക്ക് തിരിച്ചടിയായിരുന്നു. അന്ന് സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതോടെ പുനഃസംഘടനയിൽ പരിഗണിക്കുമെന്ന ഉറപ്പ് ഷമയ്ക്ക് മുന്നിലുണ്ടായിരുന്നു. ഇത് പാലിക്കപ്പെടാതെവന്നതോടെയാണ് ഷമ അതൃപ്തി പരസ്യമാക്കിയത്. നിലവിൽ കണ്ണൂരിൽ സജീവമാണ് ഷമ.

13 ഉപാധ്യക്ഷന്മാർ, 58 ജനറൽ സെക്രട്ടറിമാരെ ഉൾപ്പെടുത്തിയാണ് കെപിസിസിയുടെ പുതിയ ജംബോ കമ്മിറ്റി. രാജ്‌മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, സി പി മുഹമ്മദ്, പന്തളം സുധാകരൻ, എ കെ മണി എന്നിവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തി. സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഇടം പിടിച്ചു.

തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെപിസിസി ഉപാധ്യക്ഷനായാണ് നിയമിച്ചത്. ടി ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, വി ടി ബൽറാം, വി പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എം ലിജു, എ എ ഷുക്കൂർ, എം വിൻസന്റ്, റോയ് കെ പൗലോസ്, ജയ്‌സൺ ജോസഫ് എന്നിവരാണ് മറ്റ് ഉപാധ്യക്ഷന്മാർ. വി എ നാരായണനാണ് കെപിസിസി ട്രഷറർ. ദീർഘനാൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് പുനഃസംഘടനാ പട്ടിക പുറത്തുവിട്ടത്.

Conten Highlights: K Muraleedharan's respons over kpcc jumbo list

dot image
To advertise here,contact us
dot image