
കൊച്ചി: ഹിജാബ് വിഷയത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ അധികൃതരിൽനിന്നുണ്ടായ പ്രതികരണങ്ങൾ വേദനിപ്പിക്കുന്നതെന്ന് കുട്ടിയുടെ പിതാവ് അനസ്. മകൾ ഷാൾ ധരിച്ചുവരുന്നത് മറ്റ് കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ അങ്ങേയറ്റം തളർത്തി. നാട്ടിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകർത്തു. സ്‌കൂളിലെ മകളുടെ പഠനം അവസാനിപ്പിച്ച് ടിസി വാങ്ങി മറ്റേതെങ്കിലും സ്‌കൂളിൽ പഠനം തുടരാമെന്നാണ് തീരുമാനമെന്ന് പിതാവ് പറഞ്ഞു.
മകളുടെ മൗലികാവകാശമായ തലമറച്ച് സ്‌കൂളിൽ പോകാൻ അനുവദിക്കണമെന്ന ആവശ്യത്തോട് വളരെ പോസിറ്റീവായാണ് കേരള സർക്കാറും വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചത്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണവും അതിന്റെ റിപ്പോർട്ടും മകൾ ഉന്നയിച്ച ആവശ്യം ന്യായമാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വ്യക്തമാക്കുന്നതുമാണ്. എന്നാൽ തികച്ചും ന്യായമായ ഈ ആവശ്യത്തോട് സ്‌കൂൾ അധികൃതരിൽ നിന്നും ഉണ്ടായ പ്രതികരണങ്ങൾ വളരെ വേദനയുണ്ടാക്കുന്നതാണെന്ന് പിതാവ് ഫേസ്ബുക്കിൽ കുറിച്ചു.
നാട്ടിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകർത്തു. മകൾ ഷാൾ ധരിച്ചുവരുന്നത് മറ്റ് കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ അങ്ങേയറ്റം തളർത്തി. ചില രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു. ഇത്തരം സമ്മർദങ്ങൾ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് തങ്ങളെന്ന് പിതാവ് പറഞ്ഞു.
ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരിൽ രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളിൽ തങ്ങൾ മനസ്സിലാക്കിയത്. അതിൽ സ്‌കൂളിലെ പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ വർഗീയമായ ഇടപെടൽ തനിക്കും തൻറെ മകൾക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്.
അതിനാൽ ഈ സ്‌കൂളിലെ മകളുടെ പഠനം അവസാനിപ്പിക്കുകയാണ്. ടിസി വാങ്ങി മറ്റേതെങ്കിലും സ്‌കൂളിൽ പഠനം തുടരാമെന്നാണ് തീരുമാനം. അതോടെ ദുർവാശിയും ദുരഭിമാനവും മാറ്റിവച്ച് മറ്റ് കുട്ടികളുടെ പഠനം തടസ്സപ്പെടുത്താതെ മുന്നോട്ടുപോകാൻ സ്‌കൂൾ അധികൃതർ തയാറാകുമെന്ന് കരുതട്ടെ. നാട്ടിലെ സമാധാനം തകർക്കാൻ ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതിൽനിന്ന് സ്‌കൂൾ അധികൃതരും പിടിഎയും മറ്റ് തത്പര കക്ഷികളും പിൻമാറണമെന്നും പിതാവ് അഭ്യർഥിച്ചു.
Content Highlights: student father reaction on hijab controversy