അവഗണിക്കരുത്; ബ്രെയിന്‍ ട്യൂമറിന്റെ ആദ്യകാല ലക്ഷണങ്ങള്‍ ഇതൊക്കെയാണ്

ലക്ഷണങ്ങള്‍ ഗുരുതരമാകുന്നതുവരെ ബ്രെയിന്‍ ട്യൂമര്‍ ശ്രദ്ധിക്കാതെ പോയേക്കാം

അവഗണിക്കരുത്; ബ്രെയിന്‍ ട്യൂമറിന്റെ ആദ്യകാല ലക്ഷണങ്ങള്‍ ഇതൊക്കെയാണ്
dot image

മിക്ക രോഗങ്ങളും വഷളാകുന്നതിന് മുന്‍പ് ശരീരം ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കാണിക്കും. പക്ഷേ നമ്മള്‍ ശ്രദ്ധിക്കാറില്ലെന്ന് മാത്രം. ബ്രെയിന്‍ ട്യൂമറിന്റെ കാര്യവും അതുപോലെ തന്നെയാണ്. തലച്ചോറിന്റെ ഗുരുതര അവസ്ഥയെ കാണിക്കുന്ന ബ്രെയിന്‍ ട്യൂമറിന്റെ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും നിര്‍ണായകമാണ്. ചെറിയ ബ്രെയിന്‍ ട്യൂമറുകള്‍ക്ക് തുടക്കത്തില്‍ ലക്ഷണം ഒന്നും ഉണ്ടാവണമെന്നില്ല. എന്നാല്‍ വളര്‍ന്നുവരുമ്പോള്‍ ലക്ഷണങ്ങള്‍ പുറത്തുവരാം. ട്യൂമറിന്റെ സ്ഥാനം, വലിപ്പം, വളര്‍ച്ചാനിരക്ക് എന്നിവയെ ആശ്രയിച്ച് ഓരോ വ്യക്തികളിലും ഇവ വ്യത്യാസപ്പെട്ടേക്കാം.

ബ്രെയിന്‍ ട്യൂമറിന്റെ 6 ലക്ഷണങ്ങള്‍

തലച്ചോറില്‍ ട്യൂമര്‍ (മുഴ)ന്റെ സ്ഥാനം അനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസം ഉണ്ടാവാം. ഒരു ട്യൂമര്‍ തലച്ചോറില്‍ വളര്‍ന്നുവരുമ്പോള്‍ അത് തലച്ചോറിലെ ആരോഗ്യമുളള കലകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും കലകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും. അപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് തടസങ്ങള്‍ ഉണ്ടാവുന്നു. പല പഠനങ്ങളിലും ഇക്കാര്യത്തെക്കുറിച്ച് പറയുന്നുണ്ട്.

തലവേദന

ബ്രെയിന്‍ ട്യൂമര്‍ മൂലമുണ്ടാകുന്ന തലവേദന കാലക്രമേണ വര്‍ധിച്ച് വരികയും ഇടയ്ക്കിടയും തീവ്രമായും ചെയ്യും.വേദനസംഹാരികള്‍ കഴിച്ചാല്‍ ഈ തലവേദന സുഖപ്പെടാന്‍ പ്രയാസമാണ്. രാവിലെ ഉണരുമ്പോള്‍ വേദന കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്.

ഓക്കാനം ഛര്‍ദ്ദി

തുടര്‍ച്ചയായി ഓക്കാനം, ഛര്‍ദ്ദി എന്നിവ തലവേദനയോടൊപ്പം ഉണ്ടാകുന്നത് തലച്ചോറിന്റെ മര്‍ദ്ദം വര്‍ധിക്കുന്നതിന്റെ സൂചനയാണ്.

മാനസികാവസ്ഥയിലെയും പെരുമാറ്റത്തിലേയും മാറ്റങ്ങള്‍

ദേഷ്യം പോലെ പെരുമാറ്റത്തില്‍ പെട്ടെന്ന് വരുന്ന മാറ്റങ്ങള്‍, മാനസികാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ ഒക്കെ ചിലപ്പോള്‍ ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങളാവാം. ചിലരില്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ പെട്ടെന്ന് വഷളാകുന്ന രീതിയിലുള്ള വിഷാദാവസ്ഥയോ ഉത്കണ്ഠയോ ഒക്കെ കാണപ്പെടാം.

ഓര്‍മശക്തിയിലെ ബുദ്ധിമുട്ടുകള്‍

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ട്യൂമര്‍ തടസ്സപ്പെടുത്തുന്നതുകൊണ്ടുതന്നെ ഓര്‍മ്മ, ഏകാഗ്രത, ചിന്തകള്‍ എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. എന്തെങ്കിലും കാര്യങ്ങള്‍ ഓര്‍ത്തെടുത്തുക, തീരുമാനങ്ങളെടുക്കുക, ശ്രദ്ധകേന്ദ്രീകരിക്കുക എന്നിവയൊക്കെ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നും.

സംസാരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍

അവ്യക്തമായി സംസാരിക്കുക, സംസാരിക്കുമ്പോള്‍ ശരിയായ വാക്കുകള്‍ കണ്ടെത്താന്‍ പ്രയാസപ്പെടുക. ഭാഷ മനസിലാക്കാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ ഉണ്ടാകുന്നു. കാരണം ട്യൂമറുകള്‍ തലച്ചോറിലെ ആശയവിനിമയത്തിന് സഹായിക്കുന്ന ഭാഗങ്ങളെ ബാധിക്കുന്നുണ്ട്.

പെട്ടെന്നുള്ള ഞെട്ടല്‍

ബ്രെയിന്‍ ട്യൂമറിന്റെ ഏറ്റവും ശ്രദ്ധേയമായ ലക്ഷണങ്ങളില്‍ ഒന്നാണ് പെട്ടെന്നുള്ള ഞെട്ടല്‍, വിറയല്‍, ആശയക്കുഴപ്പം, ശരീരത്തിലെ അസാധാരണമായുണ്ടാകുന്ന സെന്‍സേഷനുകള്‍ എന്നിവയൊക്കെ. ഈ ലക്ഷണങ്ങളൊക്കെ മറ്റ് പല രോഗങ്ങളുമായി ബന്ധപ്പെട്ടുള്ളതും കൂടിയാണ്. അതുകൊണ്ട് സ്വയം ഒരു തീരുമാനത്തിലെത്താതിരിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

Content Highlights :Don't ignore it; these are the early symptoms of a brain tumor





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image