
മലപ്പുറം: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ. വിദ്യാർത്ഥിയോട് ശിരോവസ്ത്രം ധരിക്കരുതെന്ന് പറഞ്ഞത് ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ്. ഇവിടത്തെ വിഷയം ഹിജാബ് അല്ല, ശിരോവസ്ത്രമാണെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
തലയിൽ തട്ടമിടരുതെന്ന് സ്‌കൂൾ ഡയറിയിൽ പറഞ്ഞിട്ടില്ല. സ്‌കൂളിന്റെ യൂണിഫോം ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. തട്ടമിടരുതെന്നില്ല. ഏത് കളറിലുള്ള തട്ടം ഇടണമെന്ന് സ്‌കൂളിന് പറയാം. ധരിക്കരുത് എന്ന് പറയുന്നത് ഭരണഘടനാ അവകാശത്തെ ഹനിക്കലാണ്. ഓരോ സമുദായത്തിനും അതിന്റേതായ മതപരമായ ആചാര അനുഷ്ഠാനങ്ങളുണ്ട്. അത് ഭരണഘടന അനുവദിക്കുന്നുണ്ട്. ഈ വിഷയം വർഗീയമായി കാണേണ്ടതല്ല. വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുവെങ്കിൽ അതിൽ ആരും വീഴരുതെന്ന് അദ്ദേഹം പറഞ്ഞു.
തലയിൽ മക്കനപോലുള്ള ശിരോവസ്ത്രം ധരിച്ച അധ്യാപികയാണ് ശിരോവസ്ത്രം ധരിക്കരുതെന്ന് കുട്ടിയോട് പറയുന്നത്. അവർക്കത് ധരിക്കാം കുട്ടികൾക്കത് ആവില്ലെന്നാണ്. ഇത് വിരോധാഭാസമാണ്. ഇവിടെ വിഷയം ഹിജാബല്ല, ശിരോവസ്ത്രം ആണ്. വിഷയത്തിൽ പ്രതികരിക്കാൻ ആദ്യമെത്തിയത് മുസ്‌ലിംകളല്ല, ഭരണഘടനാലംഘനം ചൂണ്ടിക്കാട്ടി ആദ്യം പ്രതികരിച്ചത് ദലിത് ആക്ടിവിസ്റ്റുകളാണ്, അവരോട് നന്ദിയുണ്ട്. അധ്യാപകർക്ക് ഇല്ലാത്ത നിബന്ധന വിദ്യാർത്ഥികൾക്ക് മാത്രം എന്തിന് എന്നാണ് ഒരു ഫാദർ തന്നെ പറഞ്ഞത്.
മുസ്ലീം സ്ത്രീക്ക് ശിരോവസ്ത്രം ധരിക്കൽ അനിവാര്യമായ ഒന്നാണ്. അത് ധരിക്കാത്തവർ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
മതം അനുഷ്ഠിക്കുന്നവരും ഇല്ലാത്തവരും ഉണ്ടാകും. കുറെ ആളുകൾ ധരിക്കുന്നില്ല എന്നത് കൊണ്ട് ഒരാൾ ധരിക്കരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല. ഇന്നലെ വരെ ധരിച്ചില്ല എന്നത് കൊണ്ട് ഇന്ന് ധരിക്കരുത് എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാരണത്താൽ കുട്ടിക്ക് സ്‌കൂൾ വിടേണ്ടി വരുന്നത് ഖേദകരമാണ്. തട്ടം നിശ്ചിത കളർ വേണമെന്നത് സ്‌കൂളിന് പറയാം. ഏത് കളർ വേണമെന്ന് കുട്ടിക്ക് വാശി പിടിക്കാൻ ആകില്ല. കുരിശ്, പൂണൂൽ, ചന്ദനകുറി, എല്ലാം ധരിക്കുന്നുണ്ട്. അത് പാടില്ലെന്ന് ഏതെങ്കിലും മുസ്‌ലിം സ്‌കൂൾ മാനേജ്മെന്റ് പറഞ്ഞാൽ എന്താകും സ്ഥിതി. അങ്ങനെ പറയാൻ പാടില്ലല്ലോ. തട്ടം ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടെ. പക്ഷെ ഒരു അവകാശത്തെ വിലക്കാൻ പാടില്ല. ഒരിക്കലും ഇത് കേരളത്തിന്റെ സൗഹൃദത്തെ ബാധിക്കാതെ ഇരിക്കട്ടെയെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
വിഷയത്തിൽ സർക്കാരിനും ഇടപെടാൻ അവകാശം ഉണ്ട്. ഡിഡിഇ കൊടുത്ത റിപ്പോർട്ടിൽ നടപടി സ്വീകരിക്കാൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ട്. മന്ത്രി പറഞ്ഞ കാര്യങ്ങൾ കർശനമായി നടപ്പിലാക്കണം. മുസ്ലിം കുട്ടിയോടുള്ള വിവേചനം ആയല്ല, ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നു എന്നതാണ് കാണേണ്ടത്. വിദ്യാഭ്യാസ മന്ത്രി ആദ്യം പറഞ്ഞ കർശനമായ നിർദേശം അല്ല പിന്നീട് പറഞ്ഞത്. അദ്ദേഹം പിന്നോട്ട് പോയോ എന്നത് സംശയം ഉണ്ട്. സർക്കാർ കൃത്യമായ സംരക്ഷണം നൽകിയാൽ കുട്ടി ആ സ്‌കൂളിലേക്ക് തന്നെ പോകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Abdussamad Pookkottur reacts on hijab controversy