സംസ്ഥാന കോണ്‍ഗ്രസില്‍ കെ സി വേണുഗോപാലിനെതിരെ പടയൊരുക്കം; എ, ഐ ഗ്രൂപ്പുകള്‍ കൈകോര്‍ക്കാന്‍ നീക്കം

കെ സി വേണുഗോപാല്‍ സംസ്ഥാനത്ത് സജീവമാകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഗ്രൂപ്പുകളുടെ നീക്കം

സംസ്ഥാന കോണ്‍ഗ്രസില്‍ കെ സി വേണുഗോപാലിനെതിരെ പടയൊരുക്കം; എ, ഐ ഗ്രൂപ്പുകള്‍ കൈകോര്‍ക്കാന്‍ നീക്കം
dot image

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ പടയൊരുക്കം. കെ സിയ്‌ക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ കൈകോർക്കാൻ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. കെ സി വേണുഗോപാല്‍ സംസ്ഥാനത്ത് സജീവമാകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഗ്രൂപ്പുകളുടെ നീക്കം. വിശാല ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനാണ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമം. പിണങ്ങി നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്താനും ശ്രമം തുടങ്ങി.

എ ഗ്രൂപ്പും കടുത്ത അമര്‍ഷത്തിലാണ്. പരമ്പരാഗതമായി ലഭിച്ച പദവികളെല്ലാം നഷ്ടമായെന്നും എ ഗ്രൂപ്പിനെ പൂര്‍ണമായും തഴയുകയാണെന്നുമാണ് പരാതി. ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്നവരെ അവഗണിക്കുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് സജീവമാകാനാണ് കെ സി വേണുഗോപാലിന്‍റെ നീക്കം. ഇതിനെ തടയിടാനുള്ള കരുനീക്കത്തിലാണ് എ, ഐ ഗ്രൂപ്പുകൾ.

അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം നിഷേധിച്ചതില്‍ ഐ ഗ്രൂപ്പില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നു ഒന്നാമത്. രണ്ടാമതെത്തിയത് അബിന്‍ വര്‍ക്കിയായിരുന്നു. നിലവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ് വോട്ടുനിലയില്‍ പിന്നിലായിരുന്നു. അബിന്‍ വര്‍ക്കിക്ക് ബാക്കിയുളള കാലത്തേക്ക് അധ്യക്ഷസ്ഥാനം നല്‍കണമെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ ആവശ്യം. കെ സി വേണുഗോപാലിനോട് അടുപ്പം പുലര്‍ത്തുന്ന നേതാവാണ് അടുത്തിടെ അഖിലേന്ത്യാ സെക്രട്ടറിയായി നിയമിച്ച ബിനു ചുളളിയില്‍. തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റായ അബിന്‍ വര്‍ക്കിയെ ദേശീയ സെക്രട്ടറിയാക്കി മാറ്റിയതും ആ സ്ഥാനത്തുണ്ടായിരുന്ന ബിനു ചുളളിയിലിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കിയും അബിനെ തരംതാഴ്ത്തിയതിന് തുല്യമാണ് എന്നാണ് ഐ ഗ്രൂപ്പിലെ വികാരം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ തെരഞ്ഞെടുത്തതിനുപിന്നാലെ അതൃപ്തി രേഖപ്പെടുത്തി അബിന്‍ വര്‍ക്കി രംഗത്തെത്തിയിരുന്നു. പല ഘടകങ്ങളും പരിശോധിച്ചായിരിക്കും പാര്‍ട്ടി ഈ തീരുമാനമെടുത്തതെന്നും താന്‍ ഏതെങ്കിലും പ്രത്യേക സമുദായക്കാരനായത് ഘടകമായത് എങ്ങനെയെന്ന് നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്നും അബിന്‍ പറഞ്ഞു. താന്‍ ക്രിസ്ത്യാനിയായതാണോ കുഴപ്പമെന്നറിയില്ല. മതേതരത്വം മുന്നോട്ടുവയ്ക്കുന്ന കോണ്‍ഗ്രസിന് അങ്ങനൊരു ഘടകത്തില്‍ തീരുമാനമെടുക്കാനാവില്ല. കോണ്‍ഗ്രസാണ് തന്റെ മേല്‍വിലാസം. പാര്‍ട്ടിയെ കളങ്കപ്പെടുത്തുന്ന ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കിയിരുന്നു.

Content Highlights: State Congress gears up to fight against KC Venugopal: A and I groups move to join hands

dot image
To advertise here,contact us
dot image