
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ മൊഴി ആവര്‍ത്തിച്ച് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി. ശില്‍പത്തില്‍ പൂശിയ ശേഷം ബാക്കി വന്ന 420 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയെന്നാണ് പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ മൊഴി എസ്‌ഐടി വിശ്വാസത്തിലെടുത്തിട്ടില്ല.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുവന്നത് ചെമ്പ് പാളികളാണെന്ന് പറയണമെന്ന് നിര്‍ദേശിച്ചത് പോറ്റിയാണെന്ന് നേരത്തെ സ്മാര്‍ട്ട് ക്രിയേഷന്‍സ് മൊഴി നല്‍കിയിരുന്നു. മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കി. ദേവസ്വം വിജിലന്‍സ് മൊഴി രേഖപ്പെടുത്താന്‍ ഭണ്ഡാരിയെ വിളിപ്പിച്ചപ്പോഴാണ് ഗൗരവം മനസ്സിലാക്കിയത്. അതോടെ സത്യം തുറന്ന് പറഞ്ഞു. പോറ്റിയുടെ തട്ടിപ്പില്‍ സ്ഥാപനത്തിന് പങ്കില്ല. മുമ്പ് സ്വര്‍ണ്ണം പാകിയതില്‍ വീണ്ടും സ്വര്‍ണ്ണം പൂശില്ലെന്ന് പറഞ്ഞത് സത്യം. പോറ്റി നിര്‍ബന്ധിച്ചപ്പോള്‍ റൂള്‍ മാറ്റിയതാണെന്നുമായിരുന്നു സ്മാര്‍ട് ക്രിയേഷന്‍സ് മൊഴിനല്‍കിയിരുന്നു
അതേസമയം ചെന്നൈയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പരിശോധന ഇന്നും തുടരും. പാളികള്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലും പരിശോധനയും തുടരുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുക.
Content Highlights: Sabarimala remaining 420 grams of gold to unnikrishnan potty said Smart Creations ceo