ആര്‍എസ്എസിനെതിരായ യുവാവിന്റെ മരണമൊഴി; നിധീഷ് മുരളീധരനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം

പുറത്തുവന്ന വീഡിയോക്ക് നിയമസാധുതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് നിയമോപദേശത്തില്‍ പറയുന്നു

ആര്‍എസ്എസിനെതിരായ യുവാവിന്റെ മരണമൊഴി; നിധീഷ് മുരളീധരനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം
dot image

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ കുറിപ്പും വീഡിയോയും ഷെഡ്യൂള്‍ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം. ആരോപണവിധേയനായ നിധീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും രണ്ട് കേസെടുകള്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളിയാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയില്‍ പ്രകൃതി വരുദ്ധ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പില്ല. മുന്‍പ് നടന്ന സംഭവമായതിനാല്‍ ഐപിസിയിലെ വകുപ്പ് പ്രകാരം കേസെടുക്കാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ഐപിസി 377-ാം വകുപ്പ് പ്രകാരം പൊന്‍കുന്നം പൊലീസിന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കാമെന്ന് നിയമോപദേശത്തില്‍ പറയുന്നു. ബിഎന്‍എസ് 108-ാം വകുപ്പ് പ്രകാരം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാം. സംഭവം നടന്നത് തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. അതുകൊണ്ടുതന്നെ തമ്പാനൂര്‍ പൊലീസിന് കേസെടുക്കാം. പുറത്തുവന്ന വീഡിയോക്ക് നിയമസാധുതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു.

ബുധനാഴ്ച വൈകിട്ടായിരുന്നു യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ചിരുന്ന വീഡിയോ പുറത്തുവന്നത്. വീഡിയോയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് യുവാവ് പറയുന്നുണ്ട്. നിധീഷ് മുരളീധരന്‍ എന്ന പ്രവര്‍ത്തകനാണ് പീഡിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. എല്ലാവരും കണ്ണന്‍ ചേട്ടന്‍ എന്നാണ് ഇയാളെ വിളിക്കുന്നത്. തനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിച്ചു വന്നു. തനിക്ക് ഒസിഡി വരാനുള്ള കാരണം ചെറുപ്പം മുതല്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനമാണെന്നും യുവാവ് വീഡിയോയില്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ നമ്മള്‍ ഒരിക്കലും ഇടപഴകരുതാത്ത ചില ആളുകളുണ്ട്. അവരാണ് ആര്‍എസ്എസുകാര്‍. അവരുടെ ക്യാംപുകളില്‍ ഭയങ്കര മോശമായ സാഹചര്യമാണുള്ളത്. ടോര്‍ച്ചറാണ് അവിടെ നടക്കുന്നത്. മെന്റലി, ഫിസിക്കലി, സെക്ഷ്വലി അവര്‍ അബ്യൂസ് ചെയ്യും. കുട്ടികളെയാണ് പീഡിപ്പിക്കുന്നത്. ഫിസിക്കലിയും അബ്യൂസ് ചെയ്യും. ലൈഫില്‍ ഒരിക്കലും ആര്‍എസ്എസുകാരനുമായി ഇടപഴകരുത്. പലര്‍ക്കും തന്റേതിന് സമാനമായ അനുഭവം നേരിടേണ്ടിവന്നു. ആരും തുറന്നുപറയാത്തതാണെന്നും യുവാവ് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനാലിനായിരുന്നു ആര്‍എസ്എസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യാ കുറിപ്പ് ഷെഡ്യൂള്‍ ചെയ്ത് യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയാണ് യുവാവ്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു. ശാഖയില്‍വെച്ച് ആര്‍എസ്എസുകാര്‍ പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി (ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറഞ്ഞു. തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നും യുവാവ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. യുവാവിന്റെ കുറിപ്പ് മരണമൊഴിയായി കണ്ട് കേസെടുക്കണമെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ ആവശ്യം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

Content Highlights- Police get leagal advice over death of man who wrote note against rss before kill himself

dot image
To advertise here,contact us
dot image