പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്

പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
dot image

പാലക്കാട്: കണ്ണാടി ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ആരോപണ വിധേയരായ അധ്യാപികര്‍ക്കെതിരെ നടപടി കൈക്കൊള്ളാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി അറിയിച്ചു.

സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപകരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്ലാസ് ടീച്ചര്‍ ആശയേയും പ്രധാനാധ്യാപിക ലിസിയെയുമാണ് അന്വേഷണ വിധേയമായി മാറ്റി നിര്‍ത്താന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. പത്ത് ദിവസത്തേക്കാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ടാണ് അര്‍ജുന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്ന സംഭവം നടന്നത്. അര്‍ജുന്‍ ഉള്‍പ്പെടെയുള്ള നാല് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളെയും സ്‌കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ച് വിടുകയുമായിരുന്നു. പിന്നീട് ക്ലാസ് അധ്യാപിക ആശ സമാന വിഷയത്തില്‍ ഇടപെടുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ക്ലാസ് അധ്യാപിക മുറിയിൽവെച്ച് സൈബര്‍ സെല്ലിനെ വിളിച്ചിരുന്നുവെന്നും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞതായും അര്‍ജുന്റെ സഹപാഠി പറഞ്ഞിരുന്നു. അതിനുശേഷം അര്‍ജുന്‍ അസ്വസ്ഥനായിരുന്നു. സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും സഹപാഠി പറഞ്ഞിരുന്നു.

ക്ലാസ് അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അര്‍ജുന്റെ കുടുംബവും ആരോപിച്ചിരുന്നു. അതേസമയം കുട്ടി മരിക്കാന്‍ വേണ്ടി ഒരു കാര്യവും ഉണ്ടായിട്ടില്ലെന്നായിരുന്നു അധ്യാപകര്‍ പറഞ്ഞിരുന്നത്.

Content Highlight; Arjun's death in Palakkad; Education Minister orders investigation

dot image
To advertise here,contact us
dot image