രഞ്ജി ട്രോഫി; മഴക്കൊപ്പം മഹാരാഷ്ട്രയും കളിക്കുന്നു, പരുങ്ങി കേരള; നഷ്ടപ്പെട്ടത് മൂന്ന് വിക്കറ്റ്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം പതറുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്

രഞ്ജി ട്രോഫി; മഴക്കൊപ്പം മഹാരാഷ്ട്രയും കളിക്കുന്നു, പരുങ്ങി കേരള; നഷ്ടപ്പെട്ടത് മൂന്ന് വിക്കറ്റ്
dot image

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്രയുടെ ആദ്യ ഇന്നിങ്‌സ് 239 റൺസിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിന്റെ ബൗളിങ് മികവാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം പതറുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 35 റൺസെന്ന നിലയിലാണ്.

ഓപ്പണിങ് ബാറ്റർമാരായ അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത് എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. മഴയെ തുടർന്ന് രണ്ട് മണിക്കൂറിലേറെ വൈകിയാണ് രണ്ടാം ദിവസം കളി തുടങ്ങിയത്. വാലറ്റത്ത് വിക്കി ഓസ്വാളും രാമകൃഷ്ണ ഘോഷും നടത്തിയ ചെറുത്തുനില്പാണ് മഹാരാഷ്ട്രയുടെ സ്‌കോർ 200 കടത്തിയത്. ഇരുവരും ചേർന്ന് 59 റൺസാണ് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 31 റൺസെടുത്ത രാമകൃഷ്ണ ഘോഷിനെ പുറത്താക്കി അങ്കിത് ശർമയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. പത്ത് റൺസെടുത്ത രജനീഷ് ഗുർബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി.

ഒടുവിൽ വിക്കി ഓസ്വാളും പുറത്തായതോടെ 239 റൺസിന് മഹാരാഷ്ട്ര ഇന്നിങ്‌സിന് അവസാനമായി. 38 റൺസെടുത്ത വിക്കി ഓസ്വാൾ ബേസിലിന്റെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. കേരളത്തിന് വേണ്ടി നിധീഷ് അഞ്ചും നെടുമൻകുഴി ബേസിൽ മൂന്നും ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റേത് മോശം തുടക്കമായിരുന്നു. സ്‌കോർ 23ൽ നിൽക്കെ അക്ഷയ് ചന്ദ്രനെ രജനീഷ് ഗുർബാനി എൽബിഡബ്ല്യുവിൽ കുടുക്കി. 21 പന്തുകൾ നേരിട്ട അക്ഷയ് റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ചായക്ക് പിരിയുന്നതിന് തൊട്ടു മുൻപ് ഗുർബാനിയുടെ പന്തിൽ ബാബ അപരാജിത്തും പുറത്തായി.

ആറ് റൺസെടുത്ത അപരാജിത്തിനെ ഗുർബാനി മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. മറുവശത്ത് മനോഹരമായി ബാറ്റിങ് തുടരുകയായിരുന്ന രോഹൻ കുന്നുമലിന്റേതായിരുന്നു അടുത്ത ഊഴം. 28 പന്തുകളിൽ നാല് ഫോറടക്കം 27 റൺസെടുത്ത രോഹൻ, ജലജ് സക്‌സേനയുടെ പന്തിൽ എൽബിഡബ്ല്യു ആയാണ് മടങ്ങിയത്. തുടർന്ന് മഴ കാരണം കളി നേരത്തെ നിർത്തുകയായിരുന്നു.

Content Highlights- Kerala vs Maharastra Day 2 ended early duest tor rain as kerala is struggling

dot image
To advertise here,contact us
dot image