
ആലപ്പുഴ: മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സിപിഐഎം. നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സി എസ് സുജാത അടക്കം നേതാക്കളാണ് സുധാകരനെ സന്ദർശിക്കുന്നത്. സൈബർ ആക്രമണത്തിലെ പാർട്ടി നടപടി സുധാകരനെ നേരിട്ട് അറിയിക്കാനാണ് നീക്കം. സുധാകരൻ രോക്ഷം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നേതാക്കൾ സുധാകരനെ സന്ദർശിക്കുന്നത്. 19-ന് വി എസ് അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം കുട്ടനാട്ടിൽ നടക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് ക്ഷണിക്കാനാണ് നേതാക്കളെത്തിയത് എന്നും വിവരമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സുധാകരനും ചില നേതാക്കളും തമ്മിലുള്ള തുറന്നുപറച്ചിലുകളാണ് രാഷ്ട്രീയ കേരളം കണ്ടത്. തന്നെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാതെ ബോധപൂർവം ഒരുവിഭാഗം മാറ്റി നിർത്തുന്നുവെന്നായിരുന്നു പ്രധാനമായും സുധാകരൻ ഉയർത്തിയ പരാതി.
ആലപ്പുഴയിൽ നടന്ന കെപിസിസിയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ജി സുധാകരനെതിരെ സൈബർ ആക്രമണമുണ്ടായത്. കോൺഗ്രസുകാരെ കാണുമ്പോൾ കമ്മ്യൂണിസ്റ്റുകാർ കണ്ണടച്ച് നടക്കേണ്ടതുണ്ടോ എന്ന് ജി സുധാകരൻ കെപിസിസി വേദിയിൽ ചോദിച്ചിരുന്നു. കോൺഗ്രസ് വേദിയിലായാലും തനിക്ക് അഭിപ്രായം പറയുന്നതിന് തടസമൊന്നുമില്ലെന്നും പ്രസംഗിക്കാൻ വരുന്നവരെയൊക്കെ പാർട്ടിയിൽ ചേർക്കാൻ ആരെങ്കിലും നോക്കുമോ എന്നും സുധാകരൻ ചോദിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസ്റ്റുകാരെ മാത്രമേ കാണൂ, കോൺഗ്രസുകാരെ കാണുമ്പോൾ കണ്ണടയ്ക്കണം, വഴിയിൽ വീണാലും കുഴപ്പമില്ല. കണ്ണടയ്ക്കണം എന്ന രീതിയിൽ പ്രവർത്തിച്ചാൽ വ്യത്യസ്ത ആശയങ്ങൾ തമ്മിലുളള അനുരഞ്ജനം എവിടെയാണെന്നും ജി സുധാകരൻ ചോദിച്ചിരുന്നു. ഒരു വീട്ടിൽ തന്നെ പല പാർട്ടിക്കാർ കാണും. അവർ പരസ്പരം മിണ്ടാതിരിക്കുന്നത് നടക്കുന്ന കാര്യമല്ല. അങ്ങനെ നടക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ജി സുധാകരൻ പാർട്ടിയുമായി ചേർന്ന് പോകണമെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ ഉപദേശം. പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണം. പ്രശ്‌നങ്ങൾ തുറന്നമനസ്സോടെ ചർച്ച ചെയ്യാൻ തയ്യാറാണെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പാർട്ടിയിലെ ചിലരാണെന്ന ജി സുധാകരന്റെ ആരോപണത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
സജി ചെറിയാനെ രൂക്ഷമായി വിമർശിച്ച് ജി സുധാകരനും രംഗത്തെത്തി. സജി തന്നെ ഉപദേശിക്കാനായിട്ടില്ലെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാന് അതിനുള്ള പ്രായവും പക്വതയുമായിട്ടില്ല. ആരോടാണ് പറയുന്നതെന്ന് ഓർക്കണം. തന്നെ പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചു. തന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല. എന്നും പാർട്ടിക്കൊപ്പമാണ്. സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണം. പാർട്ടി നശിക്കാൻ പാടില്ല. പാർട്ടി നയം അനുസരിച്ചാണ് പ്രവർത്തനം. പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നുകൊണ്ടാണിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എ കെ ബാലനെ പോലെ തനിക്ക് മാറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാന്റെ പ്രതികരണം ഇങ്ങനെയായിരുന്നില്ല വരേണ്ടത്. തന്നെ ആക്രമിച്ചവരോട് പാർട്ടിയോട് ചേർന്ന് പോകാൻ പറയുകയാണോ വേണ്ടത്. ബാലനെയോ സജി ചെറിയാനെയോ സെമിനാറിൽ വിളിക്കാത്തതിൽ താൻ ആണോ ഉത്തരവാദി. രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളുടെ ഒരു ചെറിയ ഗ്രൂപ്പ് ആലപ്പുഴയിലുണ്ട്. സജി ചെറിയാൻ വന്ന് നോക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ജി സുധാകരന് വീഴ്ച വന്നിട്ടുണ്ടെന്നും തിരുത്തേണ്ടത് അദ്ദേഹമാണെന്നും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. സുധാകരൻ ഇത് നിർത്തണം, നിർത്തിക്കഴിഞ്ഞാൽ പ്രശ്നം തീരും. സുധാകരൻ കെപിസിസി പരിപാടിയിൽ പങ്കെടുത്തതാണ് സഖാക്കളെ ചൊടിപ്പിച്ചത്. കോൺഗ്രസ് വേദിയിൽ സർക്കാരിനെ മോശപ്പെടുത്തി പ്രസംഗിച്ചു. ശബരിമല പ്രശ്നം നിലനിൽക്കുമ്പോൾ അത്തരമൊരു പ്രതികരണം പാടില്ലായിരുന്നു. മുതിർന്ന നേതാവായാലും താഴെത്തട്ടിലെ നേതാവായാലും പാർട്ടി പാർട്ടിയാണ്. സൈബർ ആക്രമണത്തെ ന്യായീകരിക്കുന്നില്ല.
അവരോടും തിരുത്താൻ പറഞ്ഞിട്ടുണ്ട്. സുധാകരൻ പാർട്ടിക്കെതിരെ പ്രതികരിച്ചത് കൊണ്ടാണ് നടപടിയെടുക്കാൻ കഴിയാതെ പോയത്. വിമർശനം പാർട്ടിക്കകത്ത് പറയണം. രണ്ടുകൂട്ടരോടും മര്യാദകെട്ട പരിപാടി കാണിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. കെ കെ ഷാജുവിന്റെ പോസ്റ്റ് സുധാകരന് എതിരല്ല. ജി സുധാകരൻ പ്രതികരിച്ചതു കൊണ്ടാണ് സജി ചെറിയാനും എ കെ ബാലനും പ്രതികരിക്കേണ്ടി വന്നതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
Content Highlights: | CPIM is trying to persuade senior leader G Sudhakaran