
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്നിധാനത്ത് എസ്ഐടി പരിശോധന. എസ് പി ശശിധരന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് ഓഫീസിലെ ഫയൽ പരിശോധിക്കുകയാണ്.
നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. മോഷ്ടിച്ച സ്വർണം കൈമാറിയത് കൽപേഷിനാണ്. പോറ്റിയുടെ ബെംഗളൂരു യാത്ര ദുരൂഹമെന്നും എസ്ഐടി വിലയിരുത്തുന്നു. പോറ്റിയുടെ മുൻ മൊഴികളിലും വൈരുധ്യമുണ്ട്. അതേസമയം, പ്രതികൾക്കെതിരെ ആറ് വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആറിൽ കേസെടുത്തിരിക്കുന്നത്.
ക്രൈം നമ്പർ 3700/25-ൽ 403, 406, 409, 466, 467, 34 വകുപ്പുകൾ പ്രകാരമാണ് കേസ്. ക്രൈംനമ്പർ 3701/ 25-ൽ 403, 406, 409, 466, 467, 34 പ്രകാരവുമാണ് കേസ്. 2019-ലെ ദേവസ്വം ബോർഡ് ഭരണസമിതിക്കെതിരെ ആറ് വകുപ്പുകളിട്ടാണ് കേസെടുത്തിരിക്കുന്നത്. 403-ദുരുദ്ദേശത്തോടെ സ്വത്ത് ദുരുപയോഗം, 406 - വിശ്വാസ വഞ്ചനാക്കുറ്റം, ജാമ്യമില്ലാക്കുറ്റം, 409- ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ജാമ്യമില്ലാക്കുറ്റം, 466- പൊതുരേഖ വ്യാജമായി ചമയ്ക്കുക, ജാമ്യമില്ലാക്കുറ്റം, 467-മൂല്യമുള്ള സ്വത്തുക്കൾ വ്യാജമായി തയ്യാറാക്കുക, ജാമ്യമില്ലാക്കുറ്റം, 34 - കുറ്റകൃത്യം ചെയ്യണമെന്ന പൊതു ഉദ്ദേശം എന്നിങ്ങനെയാണ് വകുപ്പുകൾ.
ഉണ്ണികൃഷ്ണന്‍ പോറ്റി നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന. ദ്വാരപാലകപാളികളിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണക്കവര്‍ച്ചയിലാണ് ചോദ്യം ചെയ്യല്‍. പരമാവധി തെളിവുകളും മൊഴികളും ശേഖരിച്ചതിന് ശേഷമാണ് എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ഉണ്ണികൃഷ്ണൻ പോറ്റിയെ പൊലീസ് ആസ്ഥാനത്ത് എത്തിക്കും.
അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി മൊഴി ആവര്‍ത്തിച്ചിരുന്നു. ശില്‍പത്തില്‍ പൂശിയ ശേഷം ബാക്കി വന്ന 420 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയെന്നാണ് പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ മൊഴി എസ്ഐടി വിശ്വാസത്തിലെടുത്തിട്ടില്ല.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുവന്നത് ചെമ്പ് പാളികളാണെന്ന് പറയണമെന്ന് നിർദേശിച്ചത് പോറ്റിയാണെന്ന് നേരത്തെ സ്മാർട്ട് ക്രിയേഷൻസ് മൊഴി നൽകിയിരുന്നു. മറ്റ് പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകി. ദേവസ്വം വിജിലൻസ് മൊഴി രേഖപ്പെടുത്താൻ ഭണ്ഡാരിയെ വിളിപ്പിച്ചപ്പോഴാണ് ഗൗരവം മനസ്സിലാക്കിയത്. അതോടെ സത്യം തുറന്ന് പറഞ്ഞു. പോറ്റിയുടെ തട്ടിപ്പിൽ സ്ഥാപനത്തിന് പങ്കില്ല. മുമ്പ് സ്വർണ്ണം പാകിയതിൽ വീണ്ടും സ്വർണ്ണം പൂശില്ലെന്ന് പറഞ്ഞത് സത്യം. പോറ്റി നിർബന്ധിച്ചപ്പോൾ റൂൾ മാറ്റിയതാണെന്നുമായിരുന്നു സ്മാർട്ട് ക്രിയേഷൻസ് മൊഴിനൽകിയിരുന്നു.
രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയിൽ സ്വർണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാതിൽപ്പാളിയിലെ സ്വർണം 2019 മാർച്ചിൽ കടത്തിക്കൊണ്ടുപോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം 2019 ഓഗസ്റ്റിൽ കവർന്നതായും കരുതപ്പെടുന്നു.
Content Highlights: SIT inspection at Sannidhanam