മതചിഹ്നങ്ങൾ ക്ലാസ് മുറികളിൽ വേർതിരിവിന് ഇടയാക്കിയിട്ടില്ല; മുറിവിൽ ഉപ്പ് പുരട്ടുന്നവരെ സൂക്ഷിക്കുക: ശിവപ്രസാദ്

മത വിശ്വാസത്തിന്റെ ഭാഗമായ ചിഹ്നങ്ങള്‍ വേണോ വേണ്ടയോ എന്നത് വ്യക്തിപരമായി ഒരാള്‍ എടുക്കേണ്ട തീരുമാനമാണെന്നും ശിവപ്രസാദ്

മതചിഹ്നങ്ങൾ ക്ലാസ് മുറികളിൽ വേർതിരിവിന് ഇടയാക്കിയിട്ടില്ല; മുറിവിൽ ഉപ്പ് പുരട്ടുന്നവരെ സൂക്ഷിക്കുക: ശിവപ്രസാദ്
dot image

കൊച്ചി: പള്ളുരുത്തി റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ക്ലാസ്മുറികളില്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഒന്നാണെന്നും മത വിശ്വാസത്തിന്റെ ഭാഗമായ ചിഹ്നങ്ങള്‍ വേണോ വേണ്ടയോ എന്നത് വ്യക്തിപരമായി ഒരാള്‍ എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മതനിരപേക്ഷ സമൂഹം എന്നത് എല്ലാ മനുഷ്യരുടെയും മത വിശ്വാസങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ്. കേരളം കാത്തുസൂക്ഷിക്കുന്ന സംസ്‌കാരവും അത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

'മത വിശ്വാസത്തിന്റെ ഭാഗമായ ചിഹ്നങ്ങള്‍ വേണോ വേണ്ടയോ എന്നത് വ്യക്തിപരമായി ഒരാള്‍ എടുക്കേണ്ട തീരുമാനമാണ്. ചന്ദനക്കുറിയും, ശിരോവസ്ത്രവും, കൊന്ത മാലയുമെല്ലാം നമ്മുടെ ക്ലാസ് മുറികളില്‍ മത വിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്നവരുണ്ട്. ഇവ ധരിക്കുമ്പോഴും ഈ ചിഹ്നങ്ങളൊന്നും പരസ്പര അകല്‍ച്ചയ്‌ക്കോ വേര്‍തിരിവിനോ നമ്മുടെ ക്ലാസ്സില്‍ ഇടയാക്കിയിട്ടില്ല', ശിവപ്രസാദ് പറഞ്ഞു. അതുകൊണ്ടുതന്നെ ധരിക്കുന്നവരാണ് ഇതൊക്കെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ധരിക്കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കുകയും വേണ്ട, ഇഷ്ടമുള്ളവരെ തടയുകയും വേണ്ടെന്നും എം ശിവപ്രസാദ് പറഞ്ഞു.

'തെരഞ്ഞെടുക്കാനുള്ള വിവേകമുള്ളവരായി നമ്മുടെ പുതിയ തലമുറ വളരട്ടെ. എന്ത് വസ്ത്രം ധരിച്ചാലും ഏത് മതത്തില്‍ വിശ്വസിച്ചാലും ഏത് ജീവിത സാഹചര്യത്തില്‍ നിന്ന് വന്നാലും ക്ലാസ് മുറികളില്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഒന്നാണ്! പക്ഷെ, മുറിവില്‍ ഉപ്പ് പുരട്ടാന്‍ വരുന്നവരെ സൂക്ഷിക്കുക', എം ശിവപ്രസാദ് പറഞ്ഞു.

അതേസമയം വിവാദത്തെ തുടര്‍ന്ന് അടച്ച സ്‌കൂള്‍ രണ്ട് ദിവസത്തിന് ശേഷം ഇന്ന് തുറന്നു. വിവാദത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സ്‌കൂള്‍ അടച്ചത്. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണത്തിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്തെത്തി. യൂണിഫോം തീരുമാനിക്കാന്‍ സ്‌കൂളിന് അധികാരമുണ്ടെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിഡിഇ മന്ത്രിക്ക് നല്‍കിയത് വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ടാണെന്നും മാനേജ്‌മെന്റ് പറഞ്ഞു.

സംഭവത്തില്‍ സര്‍ക്കാരിന് രേഖ മൂലം മറുപടി നല്‍കിയെന്നും കോടതിയെ സമീപിക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. കുട്ടിക്ക് പഠനം നിഷേധിച്ചില്ലെന്നും മന്ത്രിയുടെ പ്രസ്താവന വസ്തുതകള്‍ മനസിലാക്കാതെയാണെന്നും മാനേജ്‌മെന്റ് പറഞ്ഞു. സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്നും പുറത്ത് നിര്‍ത്തിയത് സ്‌കൂള്‍ അധികൃതരുടേത് ഗുരുതര കൃത്യവിലോപമാണെന്നും ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കണമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.

വിഷയത്തില്‍ ഇന്നലെ എംപിയുടെ നേതൃത്വത്തില്‍ സമവായത്തിലെത്തിയെന്ന വിവരം തള്ളി പിടിഎ പ്രസിഡന്റും രംഗത്തെത്തിയിരുന്നു. പിടിഎയുമായോ മാനേജ്മെന്റുമായോ എംപി സംസാരിച്ചിട്ടില്ല. രക്ഷിതാക്കളോട് മാത്രമായിരിക്കും സംസാരിച്ചിട്ടുണ്ടാവുക. അവരെ ബോധവല്‍ക്കരിച്ചിട്ടുണ്ടാവാമെന്നാണ് പ്രസിഡന്റ് പറഞ്ഞത്. സ്‌കൂളിന്റെ നിയമാവലി അനുസരിച്ച് യൂണിഫോം ധരിച്ച് കുട്ടി ഇന്ന് മുതല്‍ സ്‌കൂളില്‍ എത്തുമെന്ന് പിതാവ് അറിയിച്ചിരുന്നു. ഹൈബി ഈഡന്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പിതാവ് ഇക്കാര്യം അറിയിച്ചത്.

Content Highlights: SFI state president M Sivaprasad response over Hijab controversy

dot image
To advertise here,contact us
dot image