
നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്..ലോകം എഐയുടെ സാധ്യതകളെക്കുറിച്ചും അതുമൂലമുണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചയിലാണ്. എഐ മൂലം ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്‍ ഗൂഗിള്‍ സിഇഒ എറിക് ഷ്മിഡ്ത്തിന്‍റെ വെളിപ്പെടുത്തലാണ് അക്കൂട്ടത്തിലെ പുതിയ ചര്‍ച്ചാവിഷയം. സിഫ്റ്റഡ് സമ്മിറ്റില്‍ പങ്കെടുക്കുന്നതിനിടയില്‍ എഐ ആണവായുധത്തേക്കാള്‍ അപകടകാരിയാണോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉത്തരം. വേണമെങ്കില്‍ ഒരാളെ കൊല്ലുന്നതെങ്ങനെ എന്ന് പഠിക്കാനും എഐയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറിക്കിന്‍റെ വിശദീകരണം വലിയ ആശങ്കയ്ക്ക് വഴി വെച്ചിരിക്കുകയാണിപ്പോള്‍.
'എഐ-യെ ഹാക്ക് ചെയ്യാന്‍ സാധിക്കും. അങ്ങനെ ഹാക്ക് ചെയ്താല്‍ അതിന്റെ ഗാര്‍ഡ്‌റെയില്‍സില്‍ മാറ്റങ്ങള്‍ കൊണ്ടു വരാം. ഇതിന്റെ ട്രെയിനിംഗ് സമയത്ത് തന്നെ ഇതിന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ സാധിക്കും. ഒരാളെ കൊലപ്പെടുത്തുന്നത് എങ്ങനെയെന്ന് വരെ ഇതിനെ പഠിപ്പിച്ചെടുക്കാനാകും. അതുകൊണ്ട് തന്നെ ഒരു പക്ഷെ ഒരു ആണവായുധത്തേക്കാള്‍ ഇത് അപകടകാരിയായേക്കാം. ഇതിന് തെളിവുകളുണ്ട് ' എന്നായിരുന്നു എറിക്കിന്‍റെ ഉത്തരം.
ഇതിന് മുൻപ് എഐയുടെ ഗോഡ്ഫാദര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഫ്രി ഹിന്റണും മുന്നറിയിപ്പ് നല്‍കിയിരുന്നു. ചാറ്റ്‌ബോട്ടുകള്‍ അവരുടേതായ ഭാഷ വികസിപ്പിച്ചെടുത്താല്‍ സാങ്കേതിക വിദ്യകള്‍ കൈവിട്ടുപോകാനുള്ള സാധ്യത കൂടുതലാണെന്നാണ് അദ്ദേഹം പറഞ്ഞത്. നിലവില്‍ എഐ ചിന്തിക്കുന്നത് ഇംഗ്ലീഷിലാണ്, അതിനാല്‍ ഡെവലപ്പര്‍മാര്‍ക്കും അവരെന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കാനും ട്രാക്ക് ചെയ്യാനും സാധിക്കും. പക്ഷേ ഏതെങ്കിലും ഒരു പോയിന്റില്‍ മനുഷ്യര്‍ക്ക് എഐ എന്താണ് പദ്ധതിയിടുന്നതെന്ന് മനസിലാക്കാന്‍ കഴിയാതെ വന്നേക്കാമെന്നാണ് അന്ന് ഹിന്റണ്‍ ചൂണ്ടിക്കാട്ടിയത്.
എഐകള്‍ പരസ്പരം സംസാരിക്കാനായി സ്വന്തമായൊരു ഭാഷ വികസിപ്പിച്ചാല്‍ അത് ഭയാനകമായിരിക്കുമെന്നും വണ്‍ ഡിസിഷന്‍ എന്ന പോഡ്കാസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല അവര്‍ സ്വന്തമായൊരു ഭാഷ വികസിപ്പിച്ചാല്‍ അത് തന്നെ ആശ്ചര്യപ്പെടുത്തില്ല, പക്ഷേ അവരെന്താണ് ചിന്തിക്കുന്നതെന്ന് നമുക്ക് ഒരു ധാരണയുമുണ്ടാക്കില്ലെന്നും ഹിന്റണ്‍ വിശദീകരിക്കുന്നുണ്ട്. മനുഷ്യന് പിന്തുടരാനോ വിശദമായി മനസിലാക്കി എടുക്കാനോ കഴിയാത്ത രീതിയിലുള്ള ചിന്തകള്‍ മെഷീനുകള്‍ക്ക് കഴിയില്ലെന്ന് ചിന്തിക്കാതിരിക്കരുത്. മോശമായ അല്ലെങ്കില്‍ ഭീകരമായ ചിന്തകള്‍ അവയ്ക്കുണ്ടാവാമെന്ന കാര്യങ്ങള്‍ മുമ്പ് തന്നെ പലയിടത്തും പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.
നമ്മളെക്കാള്‍ ബുദ്ധിയുള്ള ഒരു വിഭാഗത്തെ എങ്ങനെ നേരിടുമെന്ന് നമുക്ക് ഇതുവരെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല, കാരണം അത്തരമൊരു അവസ്ഥയിലൂടെ നാം കടന്നുപോയിട്ടില്ല. എല്ലാ നിയന്ത്രണവും അവരുടെ കീഴിലാവുമ്പോള്‍ ഉണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ച് ആകുലതയുണ്ടെന്നും അദ്ദേഹം പറയുന്നു. അതിനാല്‍ സര്‍ക്കാര്‍ ഇത്തരം ടെക്‌നോളജിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ രൂപീകരിക്കണമെന്ന് ശക്തമായി വാദിക്കുന്നുമുണ്ട് ഹിന്റണ്‍. എഐ ചാറ്റ്‌ബോട്ടുകള്‍ ചിന്തകള്‍ ഹാലൂസിനേറ്റ് ചെയ്യുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതിന് പിന്നാലെയാണ് അദ്ദേഹം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് കമ്പനിക്ക് തന്നെ മനസിലാക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു വിശദീകരണം.
Content Highlights- AI can attack a person, there is evidence', reveals former Google CEO