
കൊച്ചി: ഹിജാബ് വിവാദം ഉണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ രണ്ട് ദിവസത്തിന് ശേഷം ഇന്ന് തുറന്നു. വിവാദത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സ്‌കൂള്‍ അടച്ചത്. എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളിലെത്തില്ലെന്നാണ് വിവരം. സ്‌കൂള്‍ പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
അതേസമയം വിഷയത്തില്‍ ഇന്നലെ എംപിയുടെ നേതൃത്വത്തില്‍ സമവായത്തിലെത്തിയെന്ന വിവരം പിടിഎ പ്രസിഡന്റ് തള്ളി. പിടിഎയുമായോ മാനേജ്‌മെന്റുമായോ എംപി സംസാരിച്ചിട്ടില്ല. രക്ഷിതാക്കളോട് മാത്രമായിരിക്കും സംസാരിച്ചിട്ടുണ്ടാവുക. അവരെ ബോധവല്‍ക്കരിച്ചിട്ടുണ്ടാവാമെന്നാണ് പ്രസിഡന്റ് പറഞ്ഞത്. സ്‌കൂളിന്റെ നിയമാവലി അനുസരിച്ച് യൂണിഫോം ധരിച്ച് കുട്ടി ഇന്ന് മുതല്‍ സ്‌കൂളില്‍ എത്തുമെന്ന് പിതാവ് അറിയിച്ചിരുന്നു. ഹൈബി ഈഡന്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പിതാവ് ഇക്കാര്യം അറിയിച്ചത്.
മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്‌കൂളിന്റെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് പാലിക്കണമെന്നാണ് ആഗ്രഹമെന്നും പിടിഎ പ്രസിഡന്റ് പ്രതികരിച്ചു. കുട്ടിയുടെ അവകാശങ്ങള്‍പ്പോലെ വിദ്യാഭ്യാസ സ്ഥാപനത്തിനും ചില നിയമാവലി ഉണ്ട്. ഒരാള്‍ക്കായി അത് ഇളവ് ചെയ്യേണ്ടതില്ലല്ലോ. സമവായത്തിൽ കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാം എന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് സ്‌കൂളിലെത്താന്‍ അനുമതി നല്‍കണമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിലപാടെടുത്തത്. ഇതിലും മാനേജ്‌മെന്റിന് എതിര്‍പ്പുണ്ട്.
പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇടപെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് എല്ലാ അവകാശങ്ങളും ഉണ്ട്. അത് ചെറുതായാലും വലുതായാലും നിഷേധിക്കാന്‍ കഴിയില്ല. സ്‌കൂളിനോട് ഇന്ന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ വര്‍ഗീയത കൊണ്ടുവരുന്നത് തടയാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. സ്‌കൂളിന് യൂണിഫോം കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്നും പുറത്ത് നിര്‍ത്തിയതില്‍ സ്‌കൂള്‍ അധികൃതരുടേത് ഗുരുതര കൃത്യവിലോപമാണെന്നും ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കണമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
Content Highlights: Hijab Controversy Palluruthy school opens PTA unhappy with minister's stance