
ന്യൂഡൽഹി: തിരുവനന്തപുരത്തെ പുതിയ എകെജി സെന്റർ നിലനിൽക്കുന്ന ഭൂമി വാങ്ങിയത് നിയമാനുസൃതമെന്ന് സിപിഐഎം സുപ്രിംകോടതിയിൽ. എകെജി സെന്റർ സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലത്തെ സംബന്ധിച്ച തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിം കോടതിയിൽ സിപിഐഎം സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.
ഭൂമിയുടെ കൈമാറ്റം നിയമാനുസൃതമെന്നതിന് എല്ലാ രേഖകളും തെളിവായുണ്ട്. 2021ൽ വാങ്ങിയ സ്ഥലത്ത് 30 കോടിയോളം ചെലവഴിച്ച് ഒമ്പത് നിലകെട്ടിടം പണിതതായും പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കോടതിയെ അറിയിച്ചു. നിയമ തർക്കം അറിഞ്ഞാണ് ഭൂമി വാങ്ങിയത്. എന്നാൽ വാങ്ങുന്ന സമയത്ത് ഭൂമി സംബന്ധിച്ച കേസുകളില്ലായിരുന്നു. ഹൈക്കോടതി തള്ളിയ വാദങ്ങളാണ് അപ്പീലിലും ഉയർത്തിയിട്ടുള്ളതെന്നും സിപിഐഎം വ്യക്തമാക്കി.
ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ ശാസ്ത്രജ്ഞ ഇന്ദു സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിലാണ് എം വി ഗോവിന്ദൻ സത്യവാങ്മൂലം സമർപ്പിച്ചത്.
ഈ ഭൂമിയുടെ ആദ്യ ഉടമ പോത്തൻ കുടുംബാംഗങ്ങൾ ആയിരുന്നു. അവർ ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് കോർപറേഷനിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം ജപ്തി നടപടികളിലേക്ക് കടന്നു. ഇതിനിടെ ഈ ഭൂമി ഐഎസ്ആർഒ ശാസ്ത്രജ്ഞയായ ഇന്ദുവും ബന്ധുവും ചേർന്ന് വാങ്ങിയത്.
തങ്ങളുടെ കൈവശം ഭൂമി ഉണ്ടായിരുന്ന സമയത്ത് തിരുവനന്തപുരത്തെ കോടതി ഈ വസ്തു ലേലം ചെയ്തുവെന്നാണ് ഇന്ദുവിന്റെ പരാതി. 1998ൽ കോടതി ലേലത്തിൽ ഈ ഭൂമി കരസ്ഥമാക്കിയവരിൽനിന്നാണ് സിപിഐഎം 2021ൽ ഈ ഭൂമി വാങ്ങിയത്. അന്ന് കോടിയേരി ബാലകൃഷ്ണനായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി.
Content Highlights: thiruvananthapuram akg centre land issue; MV Govindan files Affidavit at supreme court