
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 വിലാണ് രജനികാന്ത് നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വൻ വിജയമായ ജയിലറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ഈ സിനിമയ്ക്ക് ശേഷം രജനികാന്ത് കാർത്തിക് സുബ്ബരാജുമായി ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഏവരെയും ഞെട്ടിക്കുന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
ജയിലർ 2 വിന് ശേഷം സുന്ദർ സിയുമൊത്താണ് രജനികാന്ത് അടുത്ത സിനിമ ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ജയിലർ 2 വിന് ശേഷം കമൽ ഹാസനുമൊത്ത് രജനികാന്ത് ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ തിരക്കഥയോ സംവിധായകനോ തീരുമാനിച്ചിട്ടില്ല. ഇത് കാരണമാണ് മറ്റൊരു സിനിമയിലേക്ക് രജനികാന്ത് നീങ്ങുന്നതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ അരുണാചലം എന്ന ഹിറ്റ് സിനിമയ്ക്ക് വേണ്ടി രജനികാന്തും സുന്ദർ സിയും ഒന്നിച്ചിട്ടുണ്ട്. മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ വലിയ വിജയമാണ് നേടിയത്. അതേസമയം, ഈ റിപ്പോർട്ടിന് പിന്നാലെ ട്രോളുകളും ഉയരുന്നുണ്ട്. അരൺമനൈ അഞ്ചാം ഭാഗമാണോ രജനികാന്തിനെ വെച്ച് സുന്ദർ സി ചെയ്യാൻ പോകുന്നത് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ കമന്റ് ചെയ്യുന്നത്.
Superstar #Rajinikanth expected to do a quick Film before collaborating with #KamalHaasan Film, as Director Finalization & Script writing takes time🤝
— AmuthaBharathi (@CinemaWithAB) October 15, 2025
Final Talks going on with #SundarC to direct the solo film of superstar. It's likely the next film after #Jailer2🎬 pic.twitter.com/W2kZ19QE8f
അതേസമയം, ജയിലർ 2 വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. മികച്ച റോളുകൾ തന്നെ നെൽസൺ ഈ മലയാളി അഭിനേതാക്കൾക്ക് നൽകുമെന്നാണ് പ്രതീക്ഷ. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.
Content Highlights: Sundar C to direct Rajinikanth