
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുത്തിത്തള്ളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി റവന്യൂ മന്ത്രി കെ രാജന്‍. കേന്ദ്രം കേരളത്തോട് കാണിക്കുന്ന ശത്രുത കോടതി തിരിച്ചറിഞ്ഞെന്നും കേന്ദ്രം കേരളത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനെക്കാള്‍ എങ്ങനെയാണ് കോടതിക്ക് പറയാനാകുക?. വിഷയത്തില്‍ കേരളത്തിന്റെ ശക്തമായ വികാരം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാരുണ്യമല്ല, അവകാശമാണ് തേടുന്നതെന്നാണ് കോടതി പറഞ്ഞത്. ഏതാണ്ട് ഒരു വര്‍ഷക്കാലമായി വിഷയങ്ങള്‍ പരിഗണിക്കാം എന്നുമാത്രം കേന്ദ്രം പറഞ്ഞുകൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന് കടങ്ങള്‍ എഴുതിത്തള്ളുന്നതില്‍ ഇടപെടാം. പക്ഷെ സിബില്‍ സ്‌കോറില്‍ അടക്കം വലിയ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകും. നിയമപരമായി കേന്ദ്ര സര്‍ക്കാരാണ് ഇടപ്പെടേണ്ടതെന്നും എന്നാല്‍ അത് ചെയ്യാതിരിക്കാനാണ് സര്‍ക്കാര്‍ സെക്ഷന്‍ 30 റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് നല്‍കുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണ്. ബാങ്കുകള്‍ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു. ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളില്‍ കേന്ദ്രം ഇടപെടരുതെന്നാണ് 2015ലെ തീരുമാനമെന്നും ദുരന്ത നിവാരണ ചട്ടം അനുസരിച്ചായാലും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രം അറിയിച്ചു.
മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിതള്ളുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ച് വായ്പ എഴുതിതള്ളുന്നതിന് അടക്കം സാഹചര്യമുണ്ടെന്നും കേരള ബാങ്ക് വായ്പ പൂര്‍ണമായും എഴുതി തള്ളിയതായും മറ്റ് ബാങ്കുകള്‍ക്ക് ഈ മാതൃക സ്വീകരിക്കാനാകില്ലേ എന്നും ഹൈക്കോടതി ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചിരുന്നു. എന്നാല്‍ വായ്പ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും മൊറട്ടോറിയം പ്രഖ്യാപിച്ച് വായ്പ പുനഃക്രമീകരണം നടത്താന്‍ മാത്രമേ സാധിക്കുവെന്നുമാണ് കേന്ദ്രം അറിയിച്ചിരുന്നത്. കേന്ദ്രത്തിന്റെ ഈ നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ബാങ്ക് വായ്പ എഴുതിത്തള്ളണമെന്നാണ് മുഖ്യമന്ത്രിയടക്കം പങ്കെടുത്ത എല്‍ബിസി യോഗം തീരുമാനിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ സഹിതം കോടതിയെ അറിയിച്ചിരുന്നു.
Content Highlights- Minister K Rajan against central government over wayanad disaster affidavit