
പാര്‍ട്ട് ടൈം ജോലിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങള്‍ക്ക് എതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പല തരത്തിലാണ് സമൂഹമാധ്യങ്ങളിലും ഓണ്‍ലൈന്‍ സൈറ്റുളിലും വ്യാജ തൊഴില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പാര്‍ട്ട് ടൈം ജോലിയുടെ പേരിലാണ് ഇപ്പോള്‍ ഇത്തരത്തിലുളള പരസ്യങ്ങള്‍ ഏറെയും. വീട്ടില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന പാര്‍ട്ട് ടൈം ജോലിക്ക് 10,000 ദിര്‍ഹത്തിന് മുകളില്‍ വരെ ശമ്പളം ലഭിക്കുമെന്നാണ് വാഗ്ദാനം. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും വ്യാജ പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കുകയാണ് ദുബായി പൊലീസ്. ഇത്തരം അറിയിപ്പുകളില്‍ ഭൂരിഭാഗവും വ്യാജമാണ്. വിസ പ്രോസസിങ്ങിനോ, ട്രെയിനിങ്ങിനോ, ബാക്ക്ഗ്രൗണ്ട് ചെക്കിനോ വേണ്ടി ആദ്യം തന്നെ പണം നല്‍കാന്‍ ആവശ്യപ്പെടും.
ജോലി ആവശ്യമുള്ളവര്‍ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഉള്‍പ്പെടെ കൈമാറാന്‍ നിര്‍ബന്ധിതരാകും. പരസ്യത്തില്‍ ആകൃഷ്ടരായി എത്തുന്നവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറന്ന് അജ്ഞാത സ്രോതസുകളില്‍ നിന്നുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്ത് കള്ളപ്പണം വെളിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഇരകള്‍ അറിയാതെ തന്നെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയും അത് ഗുരുതരമായ നിയമനടപടികളിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ആകര്‍ഷകമായ പരസ്യങ്ങളിലൂടെയാണ് തട്ടിപ്പ് സംഘം ജനങ്ങളെ വലയില്‍ വീഴ്ത്തുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മാത്രം ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരവധി പരാതികളാണ് ദുബായ് പൊലീസിന് ലഭിച്ചത്. പ്രശസ്തമായ കമ്പനികളുടെതിന് സമാനമായ വെബ്സൈറ്റുകളും ഇത്തരക്കാര്‍ സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍. പരസ്യങ്ങളില്‍ ആകൃഷ്ടരാകുന്നതിന് മുമ്പ്മാനവ വിഭവ ശേഷി മന്ത്രാലയം നല്‍കിയ ഔദ്യോഗിക ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകകയും ഇതിന്റെ ആധികാരികത ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉറപ്പാക്കണമെന്നും ദുബായ് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Content Highlights: Dubai Police warns against fake advertisements for part-time jobs