'നന്ദി മോദി'; എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് കേന്ദ്രം വന്ദേഭാരത് അനുവദിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

നവംബര്‍ പകുതിയോടെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

'നന്ദി മോദി'; എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് കേന്ദ്രം വന്ദേഭാരത് അനുവദിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍
dot image

തിരുവനന്തപുരം: എറണാകുളത്തു നിന്ന് തൃശൂര്‍, പാലക്കാട് വഴി ബെംഗളൂരുവിലേക്ക് കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് അനുവദിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്നും നവംബര്‍ പകുതിയോടെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റെയില്‍വേയുടെ ഭാഗത്തുനിന്നോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന നഗരമാണ് ബെംഗളൂരു. അവിടേക്ക് കേരളത്തില്‍ നിന്ന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നത് വളരെ നാളായുളള ആവശ്യമാണ്. ഇക്കാര്യം ഒരുമാസം മുന്‍പ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഉടന്‍ അനുകൂല തീരുമാനമുണ്ടായി എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നവംബര്‍ പകുതിയോടെ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുതിയ വന്ദേഭാരത് സര്‍വീസ് ബെംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമായിരിക്കുമെന്നും കേരളത്തിന്റെ സമഗ്ര വികസനം മുന്നില്‍ കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പിന്റെ പൂർണരൂപം

നന്ദി മോദി!

എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബെംഗലൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി. ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന ന​ഗരമാണ് ബെം​ഗലൂരു. അവിടേയ്ക്ക് കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ഒരു മാസം മുൻപ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ജിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു.

നവംബ‍ർ പകുതിയോടെ ഈ ട്രെയിൻ സ‍ർവ്വീസ് തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഉൽസവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല, മറ്റ് ​ഗതാ​ഗത മാ‍ർ​ഗങ്ങൾ തേടുന്നവ‍ർക്ക് അമിത യാത്രാക്കൂലിയും നൽകേണ്ടി വരുന്നുണ്ട്.

പുതിയ വന്ദേഭാരത് സർവ്വീസ് ബെം​ഗലൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും. കേരളത്തിൻ്റെ സമ​ഗ്ര വികസനം മുന്നിൽക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സ‍ർക്കാരിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.

Content Highlights: Rajiv Chandrasekhar thanks the modi for allowing the Ernakulam-Bengaluru Vande Bharat

dot image
To advertise here,contact us
dot image