
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ. കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമില്ലെന്ന് ഒരു ഡോക്ടർ പറഞ്ഞിരുന്നുവെന്നും അതിന് ശേഷം സനൂപ് അസ്വസ്ഥനായിരുന്നെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഇതേപ്പറ്റി സൂപ്രണ്ടിനോട് ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം പ്രതികരിച്ചിരുന്നില്ല. നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നു എന്ന് മെഡിക്കൽ കോളേജിലെ ഡോക്ടര്‍ പറഞ്ഞിരുന്നുവെന്നും സനൂപിന്റെ ഭാര്യ പറഞ്ഞു.
'കുട്ടി മരിക്കാനുണ്ടായ യഥാര്‍ത്ഥ കാരണം അന്വേഷിച്ച് ഞങ്ങള്‍ രണ്ടാഴ്ച്ചയായി ഓടി നടക്കുകയാണ്. കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമുണ്ടായിരുന്നില്ലെന്ന് ഒരു ഡോക്ടര്‍ സനൂപിനോട് പറഞ്ഞു. നേരത്തെ കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നെന്ന് അവര്‍ പറഞ്ഞു. ഇതിന് ശേഷം ഭര്‍ത്താവ് അസ്വസ്ഥനായിരുന്നു. വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നു സനൂപ്.' സനൂപിന്റെ ഭാര്യ വ്യക്തമാക്കി. പനിയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് ശരിയായ ചികിത്സ നല്‍കാത്തതാണ് മരണത്തിനിടയാക്കിയത് എന്നാണ് തങ്ങള്‍ കരുതുന്നതെന്നും സനൂപിന്റെ ഭാര്യ കൂട്ടിച്ചേർത്തു.
ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടന്നത്. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരി അനയയുടെ പിതാവാണ് ആക്രമണം നടത്തിയ സനൂപ്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിപിന്‍ എന്ന ഡോക്ടര്‍ക്ക് നേരെയായിരുന്നു ആക്രമണം. വടിവാള്‍ ഉപയോഗിച്ച് സനൂപ് ആക്രമിക്കുകയായിരുന്നു. രണ്ട് മക്കള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. മക്കളെ പുറത്ത് നിര്‍ത്തിയ ശേഷം സൂപ്രണ്ടിനെ തിരഞ്ഞ് മുറിയില്‍ എത്തി. ഇതിനിടെയാണ് ഡോക്ടര്‍ വിപിനെ കാണുന്നതും ആക്രമിക്കുന്നതും. ഡോക്ടറുടെ തലയ്ക്കാണ് വെട്ടേറ്റത്. തലയോട്ടിയില്‍ പത്ത് സെന്റീമീറ്റര്‍ നീളത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ ഹെഡ് ഡോ. ഫാബിത് മൊയ്തീന്‍ പറഞ്ഞു. ഡോക്ടര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നത് ഓര്‍മയുണ്ട്. ഡോക്ടറുടെ തലയില്‍ മൈനര്‍ സര്‍ജറി ആവശ്യമാണെന്നും ഡോ. ഫാബിത് മൊയ്തീന്‍ പറഞ്ഞു. ഡോക്ടര്‍ വിപിനെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ കെജിഎംഒ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കെജിഎംഒഎ സംസ്ഥാന അധ്യക്ഷന്‍ ഡോ. സുനില്‍ പി കെ പറഞ്ഞു. ആശുപത്രി സംരക്ഷണ ഭേദഗതി ബില്‍ നടപ്പിലാക്കിയത് ഭാഗികമായാണ്. ഡോക്ടര്‍മാര്‍ക്ക് ഒരു സുരക്ഷയും ഇല്ല. എക്‌സ് സര്‍വ്വീസ് ഉദ്യോഗസ്ഥരെയാണ് സെക്യൂരിറ്റി പോസ്റ്റില്‍ നിയമിക്കേണ്ടത്. എന്നാല്‍ പ്രായംചെന്ന മനുഷ്യന്മാരെയാണ് സെക്യൂരിറ്റിയായി നിയമിച്ചിരിക്കുന്നത്. പൊലീസ് എയ്ഡ് പോസ്റ്റ് സംവിധാനം നടപ്പിലാക്കിയില്ല. എസ്‌ഐഎസ്എഫും പ്രഖ്യാപനത്തില്‍ ഒതുങ്ങി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതൊക്കെ തീരുമാനിച്ചത്. എന്നാല്‍ നാളിതുവരെ ആയിട്ടും ഇതൊന്നും നടപ്പിലാക്കിയില്ല. കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുമെന്നും ഡോ. സുനില്‍ പി കെ വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് പതിനാലിനായിരുന്നു അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില് ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം. അനയയെ ആദ്യം പനിലക്ഷണങ്ങളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. അവിടെ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായ കാലതാമസമാണ് അനയയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.
Content Highlight; Thamarassery hospital doctor attack: Wife reveals husband’s mental state before incident