
വനിതാ ലോകകപ്പില്‍ പാകിസ്താന് തുടര്‍ച്ചയായ മൂന്നാം പരാജയം. ഓസ്‌ട്രേലിയയ്‌ക്കെതിരായ പോരാട്ടത്തില്‍ 107 റണ്‍സിന്റെ കൂറ്റന്‍ പരാജയമാണ് പാക് വനിതകള്‍ ഏറ്റുവാങ്ങിയത്. 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന്‍ 36.3 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ടായി. 35 റണ്‍സെടുത്ത സിദ്ര ആമിന്‍ ആണ് പാകിസ്താന്‍റെ ടോപ് സ്കോറര്‍. ഓസ്ട്രേലിയയ്ക്ക് വേണ്ടി കിം ഗാരത് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മേഗന്‍ ഷട്ടും അന്നാബെല്‍ സതര്‍ലാന്‍ഡും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
പാകിസ്താനെതിരായ വിജയത്തോടെ ഓസീസ് വനിതകള്‍ അഞ്ച് പോയിന്‍റുമായി പോയന്‍റ് പട്ടികയില്‍ ഇന്ത്യയെയും ഇംഗ്ലണ്ടിനെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്. മൂന്ന് മത്സരങ്ങളിൽ മൂന്നും പരാജയം വഴങ്ങിയ പാകിസ്താൻ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസീസ് വനിതകള്‍ 76-7ലേക്കും 115-8ലേക്കും തകർന്നടിഞ്ഞിരുന്നു. എങ്കിലും ബെത്ത് മൂണിയുടെ സെഞ്ച്വറിയുടെയും പത്താമതായി ക്രീസിലെത്തി അപരാജിത അര്‍ധസെഞ്ച്വറി നേടിയ അലാന കിംഗിന്‍റെയും ഇന്നിങ്സുകളുടെ കരുത്തിൽ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221റണ്‍സെടുത്തു. 114 പന്തില്‍ 109 റണ്‍സെടുത്ത് ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്തായ ബെത്ത് മൂണിയാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. അലാന കിംഗ് 49 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ഒമ്പതാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 106 റണ്‍സാണ് അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങിൽ മൂന്നാം ഓവറിൽ തന്നെ പാകിസ്താന് ഓപ്പണര്‍ സദാഫ് ഷമാസിനെ നഷ്ടമായി. ആറാം ഓവറില്‍ ഓപ്പണർ മുനീബ അലിയും (3) പുറത്തായി. സിദ്ര അമീന്‍ ഒറ്റയ്ക്ക് പൊരുതിയെങ്കിലും സിദ്ര നവാസ് (5), നതാലിയ പര്‍വേസ് (1), എയ്മാന്‍ ഫാത്തിമ (0) എന്നിവരെ കൂടി വേഗം നഷ്ടമായ പാകിസ്താന്‍ 31-5 ലേക്ക് കൂപ്പുകുത്തി. സ്കോര്‍ 50 കടക്കും മുമ്പെ ക്യാപ്റ്റൻ ഫാത്തിമ സനയും (11) പുറത്തായി. റമീം ഷാമിന്‍റെയും (15) നഷ്റ സന്ധുവന്‍റെയും (11) ചെറുത്തുനിൽപ്പ് പാകിസ്താനെ 100 കടത്തിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.
Content Highlights: Women's World Cup 2025: Winless Pakistan crumble for 114 all out, Australia win by 107 runs