
തിരുവനന്തപുരം: സ്പോണ്‍സർ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് ഇപ്പോഴാണ് എല്ലാവര്‍ക്കും സംശയം തോന്നിയതെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. എല്ലാ സ്‌പോണ്‍സര്‍മാരുടെയും ചരിത്രം പരിശോധിക്കാന്‍ ഒരു ബോര്‍ഡിനും സാധിക്കില്ല. ഉണ്ണികൃഷ്ണൻ പോറ്റി അയച്ച മെയിലിൽ സൂചിപ്പിച്ചിരുന്നത് ശബരിമല സന്നിധാനത്തെ സ്വര്‍ണമാണെന്ന് ആ സമയത്ത് കരുതിയില്ലെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ മെയിൽ കിട്ടിയെന്ന് സ്ഥിരീകരിക്കുന്നതാണ് എൻ വാസുവിന്‍റെ പ്രതികരണം.
'സ്വന്തം സ്വര്‍ണം ഉപയോഗിച്ച് ദ്വാരക പാലക ശില്‍പ്പത്തിന് സ്വര്‍ണം പൂശാനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കരാറുണ്ടാക്കിയത്. പോറ്റിയുടെ ഇ-മെയില്‍ കൈമാറിയിരുന്നു. ഇ-മെയില്‍ അയച്ചത് സ്വാഭാവിക നടപടിയാണ്. മെയിലില്‍ പറഞ്ഞിരിക്കുന്നത് ശബരിമലയിലെ സ്വര്‍ണമല്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്‌പോണ്‍സര്‍ എന്ന നിലയില്‍ കണ്ടിട്ടുണ്ട്. അല്ലാതെ യാതൊരു ബന്ധവും ഇല്ല. ഒരു തരത്തിലുള്ള ഇടപാടുമില്ല. തന്റെ കാലത്തല്ല ദ്വാരപാലക ശില്‍പ്പത്തിന്റെ അറ്റക്കുറ്റപ്പണി നടന്നത്', എന്‍ വാസു വ്യക്തമാക്കി.
മെയിലില്‍ പറയുന്ന സ്വര്‍ണം ശബരിമലയുടേതല്ല. സ്വര്‍ണമായിരുന്നോ ചെമ്പായിരുന്നോ എന്ന് പറയാന്‍ താന്‍ വിദഗ്ധനല്ല. അതു സംബന്ധിച്ച് ഉറപ്പിച്ച് പറയാനും കഴിയില്ല. ചെമ്പായാലും തിളങ്ങും സ്വര്‍ണമാണേലും തിളങ്ങും. സ്വര്‍ണമാണോ ചെമ്പാണോ? എത്ര സ്വര്‍ണമുണ്ട്? എന്നൊക്കെ തിരുവാഭരണം കമ്മീഷണര്‍ക്ക് അറിയാം. തിരുവാഭരണം കമ്മീഷണറുടെ പരിധിയില്‍ വരുന്നതാണ് ഇതെല്ലാം. അല്ലാതെ ദേവസ്വം പ്രസിഡന്റിന്റെ പരിധിയില്‍ വരുന്നതല്ലെന്നും വാസു വിശദീകരിച്ചു.
2019 ഡിസംബറില്‍ സ്പോണ്‍സർ ഉണ്ണികൃഷ്ണന്‍ പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ-മെയില്‍ സന്ദേശങ്ങളിലെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വര്‍ണപ്പണികള്‍ പൂര്‍ത്തിയാക്കിയശേഷവും ബാക്കി വന്ന സ്വർണം തന്‍റെ പക്കൽ ഉണ്ടെന്നും അധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചാണ് ഇ-മെയില്‍ അയച്ചത്. 2019 ഡിസംബര്‍ 9 നും 17 നുമായാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. ദേവസ്വം വിജിലന്‍സിന്റേതായിരുന്നു ഈ കണ്ടെത്തല്‍.
'ഞാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വര്‍ണപ്പണികള്‍ പൂര്‍ത്തിയാക്കിയശേഷവും എന്റെ പക്കല്‍ കുറച്ച് സ്വര്‍ണം അവശേഷിക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ച്, പിന്തുണ ആവശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഇത് ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണം' എന്നാണ് 2019 ഡിസംബര്‍ 9 ന് അയച്ച ഇ-മെയിലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആവശ്യപ്പെടുന്നത്.
സഹായിയുടെ ഇ-മെയിലില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍പോറ്റി പ്രസിഡന്റിന് മെയില്‍ അയച്ചത്. ദേവസ്വം ബോര്‍ഡിന്റെ സെക്രട്ടറി അയച്ച ഒരു കത്ത് കൂടി കോടതി വഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആവശ്യത്തില്‍ എന്ത് തീരുമാനമാണ് കൈകൊള്ളേണ്ടത് എന്ന തരത്തിലായിരുന്നു കത്ത്. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ഉണ്ണികൃഷ്ണന്റെ കയ്യില്‍ അവശേഷിക്കുന്നുവെന്ന് പറയുന്ന സ്വര്‍ണം ബോര്‍ഡ് തിരിച്ചെടുത്തതായി രേഖകളിലില്ലയെന്നത് ഞെട്ടിച്ചുവെന്നും കോടതി വ്യക്തമാക്കി. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം വെള്ളിയാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് പ്രത്യേക അന്വേഷണ സംഘം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് ദേവസ്വം വിജിലന്‍സ്. 2019 ലെ മഹ്‌സറില്‍ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിൽ പറയുന്നു.
Content Highlights: n vasu about unnikrishnan potty on sabarimala controversy