
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് പുതിയ ബംഗ്ലാവ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 95 ലോധി എസ്റ്റേറ്റിൽ ആകും ഇനി കെജരിവാളിൻ്റെ ഔദ്യോഗിക വസതി. ലോധി എസ്റ്റേറ്റില്‍ ടൈപ്പ് 7 ബംഗ്ലാവാണ് അനുവദിച്ചത്. ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ എന്ന നിലയിലാണ് ബംഗ്ലാവ് അനുവദിച്ചത്.
ബംഗ്ലാവ് അനുവദിക്കാത്തത് ചോദ്യം ചെയ്ത് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ജസ്റ്റിസ് സച്ചിൻ ദത്തയുടെ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്. മുൻ മുഖ്യമന്ത്രിയെന്ന നിലയില്‍ അര്‍ഹമായ നിലവാരത്തിലുള്ള ബംഗ്ലാവ് തന്നെ വേണമെന്ന് കെജ്‌രിവാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
10 ദിവസത്തിനുള്ളിൽ കെജ്‌രിവാളിന് ഉചിതമായ താമസസ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ സെപ്റ്റംബർ 25 ന് ഡൽഹി ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം 2024 ഒക്ടോബറിലാണ് ആം ആദ്മി നേതാവ് ഫ്ലാഗ്സ്റ്റാഫ് റോഡിലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞത്.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം, കെജ്‌രിവാൾ ഒക്ടോബറിൽ 6, ഫ്ലാഗ്സ്റ്റാഫ് റോഡിൽ നിന്ന് താമസം മാറ്റി. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു അത്. അന്നുമുതൽ അദ്ദേഹം എഎപി രാജ്യസഭാ എംപി അശോക് മിത്തലിന് അനുവദിച്ച സർക്കാർ ബംഗ്ലാവിലാണ് താമസിക്കുന്നത്. ഫ്ലാഗ്സ്റ്റാഫ് റോഡിന്റെ നവീകരണത്തിൽ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
2014 ജൂലൈയിലെ എസ്റ്റേറ്റ്സ് ഡയറക്ടറേറ്റിന്റെ നയത്തിൽ ദേശീയ പാർട്ടികളുടെ പ്രസിഡന്റുമാർക്കോ കൺവീനർമാർക്കോ താമസ സൗകര്യം ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിൽ ഏത് തരം ബംഗ്ലാവുകളാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ടൈപ്പ്-VII ബംഗ്ലാവുകൾ ദേശീയ പാർട്ടി പ്രസിഡന്റുമാർക്ക് അനുവദിച്ചിട്ടുണ്ടെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചിരുന്നു.
Content Highlight : Central government allocates new bungalow to Arvind Kejriwal; 9 Lodhi Estate to get 5 more residences