
കൊച്ചി: കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ കണ്ണടച്ച് നടക്കേണ്ടതുണ്ടോ എന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. കോണ്‍ഗ്രസ് വേദിയിലായാലും തനിക്ക് അഭിപ്രായം പറയുന്നതിന് തടസമൊന്നുമില്ലെന്നും പ്രസംഗിക്കാന്‍ വരുന്നവരെയൊക്കെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ആരെങ്കിലും നോക്കുമോ എന്നും ജി സുധാകരന്‍ ചോദിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ കമ്മ്യൂണിസ്റ്റുകാരെ മാത്രമേ കാണൂ, കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ കണ്ണടയ്ക്കണം, വഴിയില്‍ വീണാലും കുഴപ്പമില്ല. കണ്ണടയ്ക്കണം എന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വ്യത്യസ്ത ആശയങ്ങള്‍ തമ്മിലുളള അനുരഞ്ജനം എവിടെയാണെന്ന് ജി സുധാകരന്‍ ചോദിച്ചു. ഒരു വീട്ടില്‍ തന്നെ പല പാര്‍ട്ടിക്കാര്‍ കാണുമെന്നും അവര്‍ പരസ്പരം മിണ്ടാതിരിക്കുന്നത് നടക്കുന്ന കാര്യമല്ല. അങ്ങനെ നടക്കാനും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സാംസ്‌കാരിക വേദിയില്‍ 'സംസ്‌കാരവും രാഷ്ട്രീയവും ഇന്ന് നാളെ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു മാധ്യമം നല്‍കിയ വാര്‍ത്തയാണ്, ജി സുധാകരന്‍ കോണ്‍ഗ്രസ് വേദിയില്‍ എന്ന്. 65 വര്‍ഷമായി ഞാന്‍ വായിക്കുന്നൊരു പത്രത്തില്‍ വന്ന വാര്‍ത്ത. ഇനി കോണ്‍ഗ്രസ് വേദിയായാലും എനിക്ക് അഭിപ്രായം പറയുന്നതിന് തടസമൊന്നുമില്ല. പ്രസംഗിക്കാന്‍ വരുന്നവരെയൊക്കെ ആ പാര്‍ട്ടിക്കാരാക്കാന്‍ ആരെങ്കിലും നോക്കുമോ? കമ്മ്യൂണിസ്റ്റുകാര്‍ കമ്മ്യൂണിസ്റ്റുകാരെ മാത്രമേ കാണൂ, കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ കണ്ണടയ്ക്കണം. കോണ്‍ഗ്രസുകാര്‍ കമ്മ്യൂണിസ്റ്റുകാരെ കാണുമ്പോള്‍ കണ്ണടയ്ക്കണം. കണ്ണടച്ച് നടന്ന് വഴിയില്‍ വീണാലും കുഴപ്പമൊന്നുമില്ല. കണ്ണടച്ചോളണം. കോണ്‍ഗ്രസുകാരുടെ ചര്‍ച്ചാ വേദിയിലൊന്നും പോകാന്‍ പാടില്ല. കമ്മ്യൂണിസ്റ്റുകാരുടെ പരിപാടികളിലൊന്നും പോകാന്‍ പാടില്ല. വാട്ടര്‍ ടൈറ്റ് കംപാര്‍ട്ടുമെന്റുകളിലായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ എവിടെയാണ് സമവായം? എവിടെയാണ് അനുരഞ്ജനം? വ്യത്യസ്ത ആശയങ്ങള്‍ തമ്മിലുളള അനുരഞ്ജനം എവിടെയാണ്? ഭരണകൂടവും സമൂഹവും എങ്ങനെ മുന്നോട്ടുപോകും? ഒരു വീട്ടില്‍ തന്നെ പല പാര്‍ട്ടിക്കാര്‍ കാണും. അവര്‍ പരസ്പരം മിണ്ടാതിരുന്നാല്‍ എങ്ങനെയാണ്? ഇതൊന്നും നടക്കുന്ന കാര്യമല്ല, നടക്കാന്‍ പാടുളള കാര്യവുമല്ല': ജി സുധാകരന്‍ പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. 'നമ്പര്‍ വണ്ണാണ് എന്ന് പറയുന്നതില്‍ സൂഷ്മത വേണം എന്നാണ് ജി സുധാകരന്‍ പറഞ്ഞത്. എല്ലാവരും ആവര്‍ത്തിച്ച് നമ്മള്‍ നമ്പര്‍ വണ്‍ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളില്‍ നമ്പര്‍ വണ്‍ ആണെന്നത് ശരിയാണ്. എന്നാല്‍ എല്ലാ കാര്യങ്ങളിലും നമ്പര്‍ വണ്‍ ആയാല്‍ എല്ലാം പൂര്‍ണമായി എന്നാണ്. എല്ലാം പൂര്‍ണമായാല്‍ പിന്നെ മുന്നോട്ടുപോകേണ്ടതില്ലല്ലോ? സ്വര്‍ണപ്പാളി മോഷണം അടക്കമുളള പല വൃത്തികേടുകളിലും നമ്മള്‍ ഒന്നാമതാണ്. സ്വര്‍ണപ്പാളി കേരളം ഒന്നാമതാണോ?': ജി സുധാകരന്‍ ചോദിച്ചു.
Content Highlights: What's the problem if G Sudhakaran comes to the Congress stage?: G Sudhakaran