Cease Fire-Peace Fair: ഗാസയെന്ന മണ്‍കൂമ്പാരം; പെരുവഴിയില്‍ ചിന്നിച്ചിതറിയ 2.3 മില്യണ്‍ ജനത

21-ാം നൂറ്റാണ്ടുകണ്ട ഏറ്റവും കൊടിയ ദുരിതങ്ങൾ പേറുന്ന യുദ്ധഭൂമിയായി ഗാസ മാറിക്കഴിഞ്ഞിരിക്കുന്നു

Cease Fire-Peace Fair: ഗാസയെന്ന മണ്‍കൂമ്പാരം; പെരുവഴിയില്‍ ചിന്നിച്ചിതറിയ 2.3 മില്യണ്‍ ജനത
dot image

67,160, രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹമാസ് തുടങ്ങിവെച്ച് പിന്നീട് ഇസ്രയേൽ ഏറ്റെടുത്ത അധിനിവേശ സ്വഭാവമുള്ള യുദ്ധത്തിൽ ഗാസയിൽ ജീവന്‍ പൊലിഞ്ഞ പലസ്തീനികളുടെ എണ്ണം. അതില്‍ 19,424 പേര്‍ കുട്ടികളാണ്. 1,69,679 പേര്‍ക്കാണ് പരിക്കേറ്റത്. ആയിരക്കണക്കിന് ആളുകളെ കാണാനില്ല...തീര്‍ന്നില്ല, ഇത്രയേറെ പേര്‍ ആക്രമണത്തിന്റെ നേരിട്ടുള്ള ഇരകളായപ്പോള്‍ പട്ടിണിയില്‍ ജീവന്‍ വെടിഞ്ഞ കുട്ടികളുള്‍പ്പെടെ മറ്റനേകം പേര്‍. 24 മാസങ്ങളായി തുടരുന്ന ഇസ്രയേലിൻ്റെ ഗാസ അധിനിവേശം 365 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചു കിടന്ന ഗാസയെ തകര്‍ത്തുതരിപ്പണമാക്കിയിരിക്കുകയാണ്. അവിടെ ജീവിച്ചിരുന്ന 2.3 മില്യണ്‍ ആളുകളാണ് സര്‍വവും നഷ്ടപ്പെട്ട് പെരുവഴിയില്‍ ചിന്നിച്ചിതറിപ്പോയത്. 92 ശതമാനം വീടുകളും 80 ശതമാനം കെട്ടിടങ്ങളും 88 ശതമാനം സ്കൂൾ കെട്ടിടങ്ങളും 68 ശതമാനം കൃഷിയിടങ്ങളും ഇന്ന് മണ്‍കൂമ്പാരമാണ്. അതേ, 21-ാം നൂറ്റാണ്ടുകണ്ട ഏറ്റവും കൊടിയ ദുരിതങ്ങൾ പേറുന്ന യുദ്ധഭൂമിയായി ഗാസ മാറിക്കഴിഞ്ഞിരിക്കുന്നു.

2023, ഒക്ടോബര്‍ 7, ജൂതരുടെ ഒരാഴ്ചത്തെ വിശുദ്ധമതഗ്രന്ഥ പാരായണമായ സിംക്റ്റ് തോറയുടെ ആലസ്യത്തിലായിരുന്നു ഇസ്രയേല്‍. ഇസ്രയേലിന്റെ ചാരക്കണ്ണുകളെ കബളിപ്പിച്ച് അതിക്രമിച്ചുകയറിയ ഹമാസിന്റെ വെടിയൊച്ചകളിലേക്കാണ് അന്നവര്‍ കണ്ണുതുറന്നത്. കണ്ടത് ആകാശത്ത് ചീറിപ്പായുന്ന റോക്കറ്റുകളും മിസൈലുകളും. 1200 പേരെ വധിച്ച ഹമാസ് 250 പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ഹമാസിനെതിരെ തിരിച്ചടിക്കാനായിരുന്നു ഇസ്രയേലിന്റെ തീരുമാനം. അതുപക്ഷെ നയിച്ചത് ലോകമനഃസാക്ഷിയെ മരവിപ്പിച്ച ഒരു വംശഹത്യയിലേക്കാണ്. സാധാരണക്കാരായ പതിനായിരകണക്കിന് മനുഷ്യരുടെ കൂട്ടക്കുരുതിയാണ് ഇതിന് ശേഷമുള്ള രണ്ട് വർഷം കൊണ്ട് ഗാസയിൽ സംഭവിച്ചത്.

ഹമാസ് തട്ടിക്കൊണ്ടുപോയവരെ തിരിച്ചെത്തിക്കും, ഹമാസിനെ തകര്‍ക്കും ഈ രണ്ടുലക്ഷ്യങ്ങളാണ് ആക്രമണത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നോട്ട് വച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇസ്രേയലിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാൽ ഈ ലക്ഷ്യത്തിൻ്റെ പേര് പറഞ്ഞ് ഗാസയെ ഉഴുതുമറിക്കാനും ഹമാസ് ബന്ദികളാക്കിയ 148 പേരാണ് ജീവനോടെ ഇസ്രയേലിലേക്ക് തിരിച്ചുവന്നത്. ഒപ്പം തടങ്കലിലാക്കപ്പെട്ട ചിലരുടെ മൃതശരീരവും. ഇപ്പോഴും 48 പേര്‍ ഹമാസിന്റെ തടങ്കലിലാണെന്നാണ് ഇസ്രയേല്‍ കരുതുന്നത്. അവരില്‍ 20 പേര്‍ ജീവനോടെയുണ്ടെന്നും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇസ്മില്‍ ഹനിയയെയും യഹ്യ സിന്‍വറിനെയുമടക്കം ഹമാസിനും നഷ്ടങ്ങളേറെയാണ്. പക്ഷെ പിന്‍വാങ്ങാന്‍ അവരും തയ്യാറല്ല. ഗാസയില്‍ സമാധാനത്തിനായി ട്രംപ് മുന്നോട്ടുവച്ച 20 നിര്‍ദേശങ്ങള്‍ തടങ്കലിലുള്ളവരെ മോചിപ്പിക്കാനും ഹമാസിനോട് ആയുധം താഴെവയ്ക്കാനും ആവശ്യപ്പെടുന്നുണ്ട്. ഫലത്തില്‍ ഹമാസ് നിരായുധരാകും, സായുധസേന എന്ന നിലയില്‍നിന്നുള്ള ഹമാസിന്റെ അന്ത്യമായിരിക്കും അത്.

ഹമാസ് മാത്രമല്ല, ലെബനന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഹിസ്ബുല്ല, യെമനിലെ ഹൂതികള്‍ തുടങ്ങി ഇസ്രയേലിന്റെ ശത്രുക്കളെല്ലാം ദുര്‍ബലരായിക്കഴിഞ്ഞു. ഇവര്‍ക്കെല്ലാം സഹായം നല്‍കിയിരുന്ന ഇറാനെയും ഇസ്രയേല്‍ ദിവസങ്ങളോളം വേട്ടയാടി. അവരുടെ ആണവായുധ ശേഖരങ്ങള്‍ നശിപ്പിച്ചു.

പക്ഷെ ഇസ്രയേലിന്റെ നരനായാട്ടിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്കായില്ല. ഹമാസ് അംഗങ്ങളെ ലക്ഷ്യമിടുന്നുവെന്ന് പറഞ്ഞ് ഗാസയിലെ ആശുപത്രികളിലും അഭയാര്‍ഥി ക്യാമ്പുകളിലും സ്‌കൂളുകളിലും അവര്‍ ബോംബിട്ടു. മിസൈല്‍ വര്‍ഷം നടത്തി. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും മാധ്യമപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നീണ്ട രണ്ട് വർഷത്തോളമായി പലസ്തീന്‍ ജനതയ്ക്കുള്ള സഹായം പോലും തടഞ്ഞ് ഗാസയെ ഒരു തുറന്ന ജയിൽ പോലെ ഉപരോധിച്ചു. ഇതോടെ പലസ്തീന്‍ ജനതയെ വംശഹത്യ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് യുഎന്‍ ഉള്‍പ്പെടെ കുറ്റപ്പെടുത്തി. പ്രതിരോധത്തിന് ഇസ്രയേലിന് അവകാശമുണ്ടെന്ന് പറഞ്ഞ് ഈ ആരോപണങ്ങളെ ഇസ്രയേല്‍ തള്ളി. പക്ഷെ ഗാസയുടെ പരിതാപകരമായ അവസ്ഥ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിലേക്കുള്ള വേഗം കൂട്ടിയിരിക്കുകയാണ്. ഇസ്രയേൽ ഗാസയിൽ നടത്തുന്ന നരനായാട്ട് അവർക്കൊപ്പം നിന്നിരുന്ന രാജ്യങ്ങൾ പോലും തള്ളിപ്പറയുന്ന സാഹചര്യം ഈ രണ്ട് വർഷം കൊണ്ട് രൂപപ്പെട്ടു. ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള പാശ്ചാത്യശക്തികൾ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കാൻ തീരുമാനിച്ചത് ഇസ്രയേലിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

ഒക്ടോബര്‍ ഏഴ് ആക്രമണത്തിന് മുന്‍പ് 140 രാജ്യങ്ങള്‍ പലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരുന്നു. രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ഫ്രാന്‍സും യുകെയും സ്‌പെയിനും കാനഡയും ഓസ്‌ട്രേലിയയുമുള്‍പ്പെടെ 20 രാജ്യങ്ങള്‍ കൂടി പലസ്തീനെ അംഗീകരിച്ചിരിക്കുകയാണ്. എന്നാല്‍ സ്വതന്ത്ര പലസ്തീന്‍ ഹമാസിനുള്ള സമ്മാനമാകുമെന്നാണ് നെതന്യാഹുവിന്റെ വാദം. ഇസ്രേയിലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇസ്രയേലിന് ആയുധം നല്‍കുന്നത് പല രാജ്യങ്ങളും അവസാനിപ്പിച്ചു. കൊളംബിയയും ദക്ഷിണാഫ്രിക്കയുമെല്ലാം ഉപരോധം ഏര്‍പ്പെടുത്തി. പക്ഷെ സമ്പൂര്‍ണ വിജയം നേടാതെ പിന്‍വാങ്ങില്ലെന്ന നിലപാടിലായിരുന്നു ട്രംപ് സമാധാനപദ്ധതി പ്രഖ്യാപിക്കുന്നത് വരെ ഇസ്രയേല്‍. സമയമില്ല വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതോടെ ഇസ്രയേലും ഹമാസും പരോക്ഷമായി ഈജിപ്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. കയ്‌റോ ചര്‍ച്ചയില്‍ ഈ രക്തച്ചൊരിച്ചിലിന് അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാൽ പലസ്തീനികളെ ഒഴിപ്പിച്ച് ഗാസയെ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന പ്രഖ്യാപിച്ച ട്രംപും, പശ്ചിമേഷ്യയിൽ നേരത്തെ ഇറാഖ് യുദ്ധത്തിൽ പങ്കാളിയായ ടോണി ബ്ലെയറും നേതൃത്വം നൽകുന്ന സമാധാന നീക്കങ്ങളെ ഹമാസ് കണ്ണടച്ച് വിശ്വസിക്കുമോ, അംഗീകരിക്കുമോ തുടങ്ങിയ ചോദ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു.

Content Highlights: Hamas Attack on Israel: A Two-Year Retrospective on the Gaza War

dot image
To advertise here,contact us
dot image