
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോകയുടെ വിജയത്തെ സംബന്ധിച്ച ക്രെഡിറ്റിനെ ചൊല്ലി ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ തർക്കമാണ്. ഇപ്പോൾ നടി റിമ കല്ലിങ്കൽ നടത്തിയ പ്രസ്താവനയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് തന്നെയുള്ളത് ആണെന്നും പക്ഷേ അതിനുള്ള സ്പേസ് ഉണ്ടാക്കിയത് ഞങ്ങൾ ആണെന്നും നടി പറഞ്ഞു. ഇപ്പോഴിതാ ഇതിനെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് നിർമാതാവ് വിജയ് ബാബു. ലോകയുടെ മുഴുവൻ ക്രെഡിറ്റും വേഫെയറിനും ലോക ടീമിനും മാത്രമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
'വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മാക്കം, കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിൻ്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എൻ്റെ സൂര്യപുത്രിക്ക്, ഇൻഡിപെൻഡൻസ്, ആകാശദൂത്, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിൻ്റെ അമ്മ ,കളിമണ്ണ്, ഹൗ ഓൾഡ് ആർ യു, പിന്നെ സ്വന്തം 22fk അങ്ങനെ തുടങ്ങിയ സിനിമകളുടെ ക്രെഡിറ്റ് ആരും എടുക്കുന്നില്ലലോ, ദൈവത്തിന് നദി. ഇനിയും ഒരുപാട് ഉണ്ട്. പലതും എനിക്ക് ഓർമ്മ കിട്ടുന്നില്ല. മലയാള സിനിമ എന്നും മികച്ച സ്ത്രീ കേന്ദ്രീകൃത സിനിമകൾ നൽകിയിട്ടുണ്ട്. കാലം മാറിയപ്പോഴും പുതിയ പ്രേക്ഷകരെ ചേർത്തുകൊണ്ട് OTT യുടെ വരവോടെ നമ്മുടെ വ്യവസായം കൂടുതൽ ഉയരങ്ങളിലെത്തിയപ്പോഴും നമ്മൾ നമ്മുടെ കണ്ടന്റുകൾ ലോകോത്തരനിലവാരം ഉള്ളതാക്കി. ലോകയുടെ മുഴുവൻ ക്രെഡിറ്റും വേഫെയറിനും ലോക ടീമിനും മാത്രം', വിജയ് ബാബു കുറിച്ചു.
ലോകയുടെ റിലീസിന് ശേഷം പാര്‍വതിയേയും ദര്‍ശനയേയും പോലുള്ള നടിമാര്‍ക്ക് കൂടി അര്‍ഹമായതാണെന്നാണ് നൈല ഉഷ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഈ തർക്കം ഉണ്ടായതും മറ്റ് പലരും മറുപടിയുമായി രംഗത്തെത്തിയതും. അതേസമയം, ലോക കേരളത്തിൽ നിന്നും 38 ദിവസങ്ങൾകൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി ലോക. 118 കോടിയാണ് ഇതുവരെ കേരളത്തിൽ നിന്നും നേടിയത്. മോഹൻലാൽ ചിത്രം തുടരും, മഞ്ഞുമ്മൽ ബോയ്സ്, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ എല്ലാ റെക്കോർഡുകളും തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Content Highlights: Vijay babu replies to Rima Kallingal on lokah movie credit issue