
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കുപ്പിവെള്ളം സൂക്ഷിച്ച സംഭവത്തില്‍ ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. കെഎസ്ആര്‍ടിസി എംഡിയാണ് നടപടി റദ്ദാക്കിയത്. ജീവനക്കാരിലെ അമര്‍ഷം കണക്കിലെടുത്താണ് തീരുമാനം. മൂന്ന് ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ഇവര്‍ ജോലിയില്‍ പ്രവേശിക്കും. ജയ്‌മോന്‍, സജീവ്, വിനോദ് എന്നിവര്‍ക്കെതിരെയായിരുന്നു നടപടി.
കൊല്ലം ആയൂരിലെ എം സി റോഡിലാണ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മന്ത്രി കെബി ഗണേഷ് കുമാര്‍ മിന്നല്‍ പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന മന്ത്രി ആയൂര്‍ ടൗണില്‍ വെച്ചാണ് വാഹനം നിര്‍ത്തിച്ച് മിന്നല്‍ പരിശോധന നടത്തിയത്. ബസില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ മന്ത്രി പിന്നാലെയെത്തി ബസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പി നീക്കം ചെയ്യാത്തതില്‍ മന്ത്രി ജീവനക്കാരെ ശകാരിക്കുകയും ചെയ്തിരുന്നു.
'വണ്ടിയുടെ മുന്‍വശത്ത് മുഴുവന്‍ പ്ലാസ്റ്റിക് കുപ്പി വാരിയിട്ടേക്കുവാ. കുടിച്ചുകഴിഞ്ഞാല്‍ പ്ലാസ്റ്റിക് കുപ്പി എവിടേക്കെങ്കിലും കളഞ്ഞൂടേ. പ്ലാസ്റ്റിക് കുപ്പി ഇടാനുള്ളതാണോ വണ്ടിയുടെ മുന്‍വശം. പിഴയിടും. ഇങ്ങനെ ഇടാന്‍ പാടില്ലെന്ന് കെഎസ്ആര്‍ടിസി എംഡിയുടെ നിര്‍ദേശം ഉണ്ട്. ഇനി ഇത് ആവര്‍ത്തിക്കരുത്. നടപടി വരുമ്പോള്‍ പഠിച്ചോളും. ഇന്നലെ വെള്ളം കുടിച്ച കുപ്പി ഇന്നും കിടക്കുമ്പോള്‍ അത് ജീവനക്കാരുടെ തെറ്റാണ്', എന്നും മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചിരുന്നു. ബസിലെ മാലിന്യങ്ങള്‍ അതാത് സമയത്ത് തന്നെ നീക്കം ചെയ്യണമെന്നും മന്ത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്ഥലം മാറ്റല്‍ നടപടി.
Content Highlights: KSRTC md cancels transfer of employees for storing bottled water in front of bus