
പാലക്കാട്: കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
കുട്ടിക്ക് ധമനികളില്‍ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്ട് ഉണ്ടാവുകയോ ഉണ്ടായതാണ് കാരണമെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 25-നും 30-നും ഇടയില്‍ കുട്ടി ജില്ലാ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ വീഴ്ച്ച സംഭവിച്ചോ മറ്റ് നടപടികളുണ്ടാകുമോ എന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
പല്ലശന ഒഴിവുപാറ സ്വദേശിയായ പെണ്‍കുട്ടിയുടെ വലതുകൈ ആണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സെപ്റ്റംബര്‍ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുന്നത്.
ഉടന്‍ മാതാപിതാക്കള്‍ കുട്ടിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിര്‍ദേശം ലഭിച്ചത്.
സംഭവത്തില്‍ നിയമ നടപടിയുമായി ഏതറ്റം വരെയും പോകുമെന്ന് കുട്ടിയുടെ അമ്മ പ്രസീത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ ഗതി ഒരു കുട്ടിക്കും ഇനി വരരുതെന്നും മകളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും പ്രസീത പറഞ്ഞു. ആശുപത്രി നല്‍കിയ റിപ്പോര്‍ട്ട് ആരെയൊക്കെയോ സംരക്ഷിക്കാനാണെന്നും ആ റിപ്പോര്‍ട്ട് പൂര്‍ണമായും തളളിക്കളയുന്നുവെന്നും പ്രസീത ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ വിളിച്ചിരുന്നുവെന്നും സാഹചര്യങ്ങള്‍ വിലയിരുത്തി അന്വേഷിക്കാം എന്ന ഉറപ്പുമാത്രമാണ് അവര്‍ നല്‍കിയതെന്നും പ്രസീത വ്യക്തമാക്കി.
Content Highlights: Two doctors suspended over the incident in which a plastered hand of a nine-year-old girl had to be amputated