അച്ഛനെ വെട്ടിയശേഷം പുരപ്പുറത്ത് കയറി ഭീഷണി; നിലത്തിറങ്ങിയതോടെ പൊലീസിന് നേരെ മുളകുപൊടിയേറ്; കസ്റ്റഡിയിൽ

വീടിന് പരിസരത്ത് ആഭിചാരക്രിയകള്‍ നടത്തിയതിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

അച്ഛനെ വെട്ടിയശേഷം പുരപ്പുറത്ത് കയറി ഭീഷണി; നിലത്തിറങ്ങിയതോടെ പൊലീസിന് നേരെ മുളകുപൊടിയേറ്; കസ്റ്റഡിയിൽ
dot image

തൃശ്ശൂര്‍: മുത്രത്തിക്കരയില്‍ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്ത യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുത്രത്തിക്കരയില്‍ താമസിക്കുന്ന വിഷ്ണു എന്നയാളാണ് അച്ഛന്‍ ശിവനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അതിന് ശേഷം വീടിന് മുകളില്‍ കയറി നിന്ന് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും പരാക്രമം കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഇയാളെ താഴെയിറക്കുകയായിരുന്നു. എന്നാല്‍ നിലത്തിറങ്ങിയ വിഷ്ണു പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞു. വീടിന് പരിസരത്ത് ആഭിചാരക്രിയകള്‍ നടത്തിയതിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുവാവിന് മാനസികാസ്വസ്ഥ്യമുണ്ടെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇവരുടെ വാടക വീട്ടില്‍ വച്ചായിരുന്നു സംഭവം. വീട്ടില്‍ വിഷ്ണുവും അച്ഛനും അമ്മയുമാണ് താമസം. സംഭവം നടക്കുമ്പോളും ഇവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉച്ഛയ്ക്ക് ബന്ധുവീട്ടില്‍ പോയി ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ വിഷ്ണു അക്രമാസക്തനാവുകയായിരുന്നു. ചിലമ്പ് ഉപയോഗിച്ചാണ് വിഷ്ണു അച്ഛനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 35 വയസുളള വിഷ്ണു പൂജകളും മറ്റും ചെയ്യുന്നയാളാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. മന്ത്രവാദവും പൂജകളും ചെയ്തതിന്റെ തെളിവുകളും വീട്ടില്‍ നിന്ന് ലഭിച്ചുവെന്നാണ് വിവരം. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാത്ത പ്രകൃതമാണ് വിഷ്ണുവിനെന്നും മൂന്നുവര്‍ഷം മുന്‍പാണ് ഇവര്‍ ഇവിടെ താമസത്തിനെത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു.

Content Highlight; Thrissur Man Arrested After Attacking Father

dot image
To advertise here,contact us
dot image